വ്യത്യസ്ത തരത്തിലുള്ള തീം ബാറുകളും റെസ്റ്റോറന്റുകളും ധാരാളമുള്ള നാടാണ് ജപ്പാന്‍. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരു തീം ബാറാണ് . ജപ്പാനിലെ ടോക്കിയോയിലുള്ള ‘മസില്‍ ഗേള്‍സ് ബാര്‍’ ആരെയും അത്ഭുതപ്പെടുത്തുന്ന അസാധാരണമായ ഒരു ബാര്‍ തന്നെയാണ്. ബാറില്‍ ശക്തരും മസിലുകളുമുള്ള സ്ത്രീകളെയാണ് ജോലിയില്‍ നിയമിച്ചിരിക്കുന്നത്. അവരുടെ ജോലിയാകട്ടെ കസ്റ്റമേഴ്സിനെ അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, അല്ലെങ്കില്‍ ഇരുകൈകളിലും അവരെ എടുത്തുയര്‍ത്തുക എന്നിങ്ങനെയുള്ള ‘കലാപരിപാടി’കളാണ്. അകമ്പടിയായി പാട്ടും ഡാന്‍സുമൊക്കെയുണ്ട്.
സ്റ്റാഫിലെ ഈ സ്ത്രീകളില്‍ ബ്രസീലിയന്‍ ജിയു-ജിറ്റ്സു പ്രാക്ടീഷണര്‍മാര്‍, ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവര്‍, പ്രൊഫഷണല്‍ ഗുസ്തിക്കാര്‍, നടിമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. വ്യക്തിഗത സേവനങ്ങളുടെ വില 30,000 യെന്‍ (ഏകദേശം 17,000 രൂപ) വരെയാകാം.
യൂട്യുബിലെ മുന്‍ ഫിറ്റ്നസ്സ് ഇന്‍ഫ്ളുവന്‍സറായ ഹാരിയാണ് ഈ അസാധാരണമായ ബാര്‍ തുറന്നത് .2019 ലെ കോവിഡ് കാലത്ത് തന്റെ ജിം അടച്ചതിനാല്‍ 2020 ല്‍ ഒരു ഫിറ്റ്നസ്സ് ബാര്‍ തുടങ്ങാന്‍ ഹാരി തീരുമാനിച്ചു. ബാറില്‍വച്ച് ഒരു ഓസ്ട്രേലിയന്‍ കസ്റ്റമറെ ഈ മസില്‍ഗേള്‍സ് അടിച്ചപ്പോള്‍ വാര്‍ത്ത പരക്കുകയും അയാളുടെ സുഹൃത്തുക്കള്‍ അടികൊള്ളുന്ന ‘സേവന’ത്തിനായി ബാറിലേയ്ക്ക് വരുകയുണ്ടായി. അങ്ങനെ ഈ തീംബാര്‍ ഹിറ്റായി മാറി.
ഡെന്‍മാര്‍ക്ക്,മെക്സിക്കോ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ ബാറില്‍ എത്തുന്നുണ്ട്. ഈ ബാറിലെ ഏറ്റവും പ്രസിദ്ധമായ ഡ്രിങ്ക് മുന്തിരി കൊണ്ട് കൈകളാല്‍ നിര്‍മ്മിച്ച കോക്ക്ടെയില്‍ ആണ്. ഈ ഫിറ്റ്നസ്സ് ബാറിന്റെ ആശയവുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്.