അഹമ്മദാബാദിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന സെയിൽസ് വുമണിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ 11 മാസമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.
ജ്വല്ലറിയിലെ ആഭരണങ്ങളുടെ കണക്കെടുപ്പിൽ പൊരുത്തക്കേടുകൾ കണ്ടതിനെത്തുടർന്ന് മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മോഷണവിവരം പുറത്തറിഞ്ഞത്.
വളരെ ലാഘവത്തോടെ, പുഞ്ചിരിച്ചുകൊണ്ടാണ് യുവതി മോഷണം നടത്തുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്രേയിലെ ആഭരണങ്ങൾ പരിശോധിച്ച് ഓരോന്നായി കൈക്കലാക്കി പോക്കറ്റിലിടുന്നത് വീഡിയോയിൽ കാണാം. മോതിരങ്ങൾ, മാലകൾ, മംഗളസൂത്രങ്ങൾ, പാദസരങ്ങൾ എന്നിവയാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ യുവതി ഒളിവിൽ പോയിരിക്കുകയാണ്. ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.




