Featured Sports

‘ദൈവത്തിന് നന്ദി, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്’: കണ്ണീരോടെ സഞ്ജു, ദ റിയൽ ഫിനിഷർ!

കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരായ നിർണായകമായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ റൊമാരിയോ ഷെപ്പേർഡിനെ ഫോറടിച്ചുകൊണ്ട് സഞ്ജു സാംസൺ ആ വിജയറൺ കുറിക്കുമ്പോൾ ഈഡൻ ഗാർഡൻസ് ഒരു പുതിയ ‘ചേസ് മാസ്റ്ററെ’ കാണുകയായിരുന്നു. ഹെൽമറ്റ് ഊരി ആകാശത്തേക്ക് നോക്കി മുട്ടുകുത്തി നിന്ന സഞ്ജുവിന്റെ ആഹ്ലാദപ്രകടനം വിമർശകർക്കുള്ള കൃത്യമായ മറുപടിയായിരുന്നു.

തോറ്റാൽ ലോകകപ്പിന് പുറത്താകുമായിരുന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു, ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചതോടെ അർഹിച്ച പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കി. മൂന്ന് റൺസിന് സെഞ്ചറി നഷ്ടമായെങ്കിലും ആ ഇന്നിങ്സിന്റെ മൂല്യം അതിലും വലുതായിരുന്നു.

പുരസ്കാരം സ്വീകരിച്ച ശേഷം വികാരാധീനനായാണ് സഞ്ജു സംസാരിച്ചത്. തന്റെ കഴിവിൽ പലപ്പോഴും തനിക്ക് തന്നെ സംശയങ്ങൾ തോന്നിയിട്ടുണ്ടെന്നും എന്നാൽ ആത്മവിശ്വാസം കൈവിടാതെ ഈയൊരു ദിവസത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലം മുതൽ രാജ്യത്തിനായി ഇത്തരമൊരു പ്രകടനം പുറത്തെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ഉയർച്ചതാഴ്ചകൾ നിറഞ്ഞ തന്റെ യാത്രയിൽ പിന്തുണച്ച ദൈവത്തിന് നന്ദി പറയുന്നതായും സഞ്ജു കൂട്ടിച്ചേർത്തു. ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ സാധിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിരാട് കോലി, രോഹിത് ശർമ എന്നിവരെപ്പോലെയുള്ള ഇതിഹാസ താരങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഈ ഇന്നിങ്സിന് കരുത്തായതെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ടീമിനൊപ്പമുണ്ടെങ്കിലും എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഡഗൗട്ടിലിരുന്ന് കോലിയും രോഹിത്തും എങ്ങനെയാണ് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച് കളി മാറ്റുന്നതെന്നും താൻ നിരീക്ഷിക്കാറുണ്ടായിരുന്നു. ആ അനുഭവസമ്പത്ത് ഈ മത്സരത്തിൽ വലിയ രീതിയിൽ സഹായിച്ചു. വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ വലിയ സ്കോറിന് ശ്രമിക്കാതെ മികച്ചൊരു പാർട്ണർഷിപ്പ് കെട്ടിപ്പടുക്കാനാണ് താൻ ശ്രദ്ധിച്ചതെന്നും ഓരോ പന്തിനെയും അതിന്റെ മെറിറ്റിൽ നേരിട്ടതാണ് വിജയത്തിന് കാരണമായതെന്നും സഞ്ജു വിവരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *