Celebrity

‘ഞാനാണ് ഹീ​റോ എന്നറിഞ്ഞപ്പോള്‍ ഇത്രയ്ക്കും ദാരിദ്ര്യം പിടിച്ച നായകനോ എന്ന് നേപ്പാളികള്‍’- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ടെലിവിഷന്‍ ഷോകളില്‍ നിന്നും കോമഡി കഥാപാത്രമായിട്ട് സിനിമാലോകത്തെത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. 2008ലിറങ്ങിയ ആണ്ടവന്‍ എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ സിനിമാ ലോകത്തേക്ക് എത്തിയത്. നടനായും നിര്‍മ്മാതാവുമെല്ലാം താരം തന്റെ കഴിവ് സിനിമാ ലോകത്ത് തെളിയിച്ചുകഴിഞ്ഞു. രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരം മത്സരിച്ചിരുന്നു. മിമിക്രി വേദികളില്‍ തുടങ്ങിയെങ്കിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരം. സിനിമയ്ക്കുള്ളില്‍ മാത്രമല്ല അഭിമുഖങ്ങളിലും നര്‍മ്മരസം കലര്‍ത്തി സംസാരിക്കാനും ധര്‍മ്മജന് ഒരു പ്രത്യേക കഴിവുണ്ട്. എപ്പോഴും സ്വതസിദ്ധമായ ശൈലിയിലൂടെയാണ് താരം തന്റെ ജീവിതത്തിലെ ഏതൊരു സംഭവത്തെയും അവതരിപ്പിക്കാറുള്ളത്.

ഇപ്പോഴിതാ നേപ്പാളില്‍ ഷൂട്ടിംഗിന് പോയപ്പോഴുണ്ടായ ഒരു തമാശ തുറന്നു പറയുകയാണ് താരം. ‘‘ബിബിന്റെ കാര്യം അറിയാമല്ലോ, അവന് കാലിന് വയ്യാത്തതു കൊണ്ടാണ് വീല്‍ ചെയറിലാണ് എയര്‍പോര്‍ട്ടില്‍ യാത്ര. ഒരിക്കല്‍ നേപ്പാള്‍ എയര്‍പോര്‍ട്ടില്‍ വച്ച് രസകരമായ ഒരു സംഭവമുണ്ടായി. അവിടെ ചെന്ന് ഇറങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അവനോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ പര്‍പ്പസ് എന്താണെന്ന് ചോദിച്ചു. ഷൂട്ടിംഗ് എന്നാണവന്‍ മറുപടി പറഞ്ഞത്. ആരാണ് ഹീറോ എന്നായി അവരുടെ ചോദ്യം. അതു കേട്ടപ്പോള്‍ അവന്‍ ചുറ്റുപാടും നോക്കി. വീല്‍ചെയറിലായതു കൊണ്ട് ഹീറോ അവനാണെന്ന് പറയാന്‍ അവനൊരു നാണം പോലെ തോന്നി. ചുറ്റിനും നോക്കി ആരുമില്ലെന്ന് കണ്ടപ്പോള്‍ ‘ഞാന്‍ തന്നെയാണ് ഹീറോ’ എന്നവന്‍ പറഞ്ഞു.

വീല്‍ച്ചെയറില്‍ വന്നയാളാണോ ഹീറോ എന്ന അര്‍ത്ഥത്തില്‍ അവര്‍ അവനെ നോക്കി. അത് ബോഡി ഷെയ്മിംഗ് അല്ല കേട്ടോ. ഹീറോ എന്ന് പറയുമ്പോള്‍ ഒരു സങ്കല്‍പ്പമുണ്ടല്ലോ. അത് വച്ചാണ് നോക്കിയത്. അവന് ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായപ്പോള്‍ ‘ഞാന്‍ മാത്രമല്ല, ആ നടന്നു വരുന്ന ആളും ഹീറോയാ’ എന്നവന്‍ എന്നെച്ചൂണ്ടി പറഞ്ഞു.

ഞാനവിടെ നിന്ന് വരുന്നത് കണ്ടപ്പോള്‍ അവരുടെ കണ്ണ് ഒന്നു കൂടി തള്ളി. ഞാനവിടേക്ക് നടന്നു വരുമ്പോള്‍ ഇവരുടെ ഡിസ്കഷന്‍ നടക്കുകയാണ്. കാര്യം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു,‘ഞാനാണ് ഹീറോ എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വാസം വന്നില്ല, ഞാന്‍ നിന്നെ കാണിച്ചു കൊടുത്തു. എന്നിട്ടും അവര്‍ക്ക് വിശ്വാസമാകുന്നില്ല’എന്ന്. അതുകേട്ട് ഞാന്‍ പറഞ്ഞു, ‘ഞാന്‍ മാത്രമല്ല, ഇനിയൊരാള്‍ കൂടിയുണ്ട്. ആ നടന്നു വരുന്ന ആളും ഹീറോയാണ്…’ എന്നിട്ട് ജോണി ചേട്ടനെ കാണിച്ചു കൊടുത്തു. അതോടെ അവര്‍ക്ക് കാര്യം മനസ്സിലായി. അപ്പോള്‍ അവര്‍ പറഞ്ഞു,‘ ഇന്ത്യയില്‍ കൊറോണ ഉണ്ടെന്ന് അറിയാം, പക്ഷേ ഇത്രയ്ക്കും ദാരിദ്ര്യം ഉണ്ടെന്ന് അറിയില്ലായിരുന്നു..’ എന്ന്. അവരുടെ മനസ്സില്‍ ഹീറോ എന്ന് പറഞ്ഞാല്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമൊക്കെയാണ്. അവരുടെ മുന്നിലാണ് ഞങ്ങള്‍ മൂന്നുപേരും ഹീറോയാണെന്ന് പറയുന്നത്….’’ ധര്‍മ്മജന്‍ തമാശകലര്‍ത്തി പറഞ്ഞു.