ലണ്ടന്‍: ‘ഞാന്‍ ഭാഗ്യവാനാണ്. പക്ഷേ, ഒരോ ദിവസവും ഉണരുന്നത് വേദനയിലേക്കാണ്’- പറയുന്നത് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഏകവ്യക്‌തിയായ വിശ്വകുമാര്‍ രമേഷ്. കഴിഞ്ഞ ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ 241 പേരാണു മരിച്ചത്.
വിമാന യാത്രികരില്‍ രക്ഷപ്പെട്ട ഏകവ്യക്‌തി രമേഷായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നു നടന്നു പുറത്തുവരുന്ന രമേഷിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലീസെസ്‌റ്ററിലെ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
തന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതമാണെന്നാണു അദ്ദേഹത്തിന്റെ നിലപാട്.
ഒപ്പം യാത്ര ചെയ്‌ത സഹോദരന്‍ അജയ് മരിച്ചതായിരുന്നു ആദ്യ വേദന. പോസ്‌റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറി(പി.ടി.എസ്.ഡി) നു ചികിത്സയിലാണ് അദ്ദേഹം. ഭാര്യയോടും നാല് വയസുള്ള മകനോടും സന്തോഷത്തോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
‘എന്റെ സഹോദരനെ നഷ്‌ടമായി. സഹോദരന്‍ എന്റെ താങ്ങായിരുന്നു. ഇപ്പോള്‍ വീട്ടില്‍ ഒറ്റയ്‌ക്കിരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്’ – അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അധികം സംസാരിക്കുന്നില്ല. സംസാരിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല എന്നതാണു സത്യം…ഓരോ ദിവസവും വേദനാജനകമാണ്. കാലിനും തോളിനും കാല്‍മുട്ടിനും പുറത്തും വേദനയാണ്. അപകടത്തെത്തുടര്‍ന്ന് ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ സാധിക്കുന്നില്ല.
ശരിയായി നടക്കാന്‍ പോലും കഴിയില്ല. മാനസികമായും ശാരീരികമായും സാമ്പത്തികമായും പ്രതിസന്ധിയിലാണ്’- വിശ്വകുമാര്‍ വ്യക്‌തമാക്കി. എയര്‍ ഇന്ത്യ രമേഷിന് 25 ലക്ഷം രൂപയുടെ സഹായം നല്‍കിയിരുന്നു.
അതു ചികിത്സയ്‌ക്കു തികയില്ലെന്നു കുടുംബം പറയുന്നത്. ഇന്ത്യയിലെ കുടുംബ ബിസിനസ് രമേഷും സഹോദരനും ചേര്‍ന്നാണു നടത്തിയിരുന്നത്. അതു തകര്‍ന്നു.




