ചെയ്യാത്ത കുറ്റത്തിന് ഇരുപതു വർഷം തടവുശിക്ഷ അനുഭവിച്ച ഉത്തർപ്രദേശ് സ്വദേശി വിഷ്ണു തിവാരിയുടെ കരളലിയിക്കുന്ന ജീവിതകഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 2000 സെപ്റ്റംബറിൽ, തന്റെ 23-ാം വയസ്സിലാണ് ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2003-ൽ വിചാരണ കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെ യൗവനത്തിന്റെ നല്ലൊരു ഭാഗം ജയിലിനുള്ളിലായി.
ദീർഘമായ ഇരുപതു വർഷത്തിനിടയിൽ ഒരിക്കൽ പോലും വിഷ്ണുവിന് ജാമ്യം അനുവദിക്കപ്പെട്ടില്ല. ഈ കാലയളവിൽ വിഷ്ണുവിന്റെ കുടുംബം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തങ്ങളായിരുന്നു. നാട്ടുകാരുടെ പരിഹാസവും സാമൂഹിക ബഹിഷ്കരണവും ഭയന്ന് അവർക്ക് തങ്ങളുടെ ഭൂമി മുഴുവൻ വിൽക്കേണ്ടി വന്നു. ഒടുവിൽ കടുത്ത ദാരിദ്ര്യത്തിലും മനോവിഷമത്തിലും അകപ്പെട്ട് വിഷ്ണുവിന്റെ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും മരണപ്പെട്ടു. പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിഞ്ഞിട്ടും അവരെ അവസാനമായി ഒന്നു കാണാൻ പോലും നിയമം വിഷ്ണുവിനെ അനുവദിച്ചില്ല.
പിന്നീട് അഭിഭാഷകയായ ശ്വേത സിങ് റാണ നടത്തിയ നിയമപോരാട്ടമാണ് വിഷ്ണുവിന്റെ ജീവിതത്തിൽ നിർണ്ണായകമായത്. വിഷ്ണുവിനെതിരെ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2021-ൽ അലഹബാദ് ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാൽ 20 വർഷത്തിന് ശേഷം ആഗ്ര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണുവിനെ സ്വീകരിക്കാൻ സ്വന്തം കുടുംബത്തിൽ ആരും തന്നെ ബാക്കിയുണ്ടായിരുന്നില്ല. തനിക്ക് നഷ്ടപ്പെട്ട ആ ഇരുപതു വർഷങ്ങളെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന വിഷ്ണുവിന്റെ വീഡിയോ കണ്ട സൈബർ ലോകം, അദ്ദേഹത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വ്യാജ പരാതി നൽകിയവർക്കെതിരെ നടപടി വേണമെന്നും ശക്തമായി ആവശ്യപ്പെടുന്നു.




