ബെറെയ്‌ലി: ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ വാഹനം കയറി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. 32 കാരന്‍ പിന്നിലേക്ക് എടുത്ത കാര്‍ കുട്ടിയുടെ തലയില്‍ കൂടിയായിരുന്നു കയറിയിറങ്ങിയത്. ഞായറാഴ്ച വൈകിട്ട് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ നഗരത്തിലായിരുന്നു സംഭവം. കാറിനടിയിലേക്ക് വീണ കുഞ്ഞിന്റെ തല തകര്‍ന്നുപോകുകയും ക്ഷണത്തില്‍ മരിക്കുകയുമായിരുന്നു.
മൊഹമ്മദ് ഉസൈന്‍ എന്ന കുഞ്ഞിനായിരുന്നു ദുരന്തം സംഭവിച്ചത്. സംഭവത്തില്‍ 32 കാരന്‍ മൊഹമ്മദ് ഇര്‍ഫാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴിയാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി. ബ്‌ളൂടൂത്ത് ഈയര്‍ഫോണ്‍ വഴി ഉസൈന്‍ സംസാരിച്ചുകൊണ്ടായിരുന്നു വാഹനം പിന്നിലേക്ക് എടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനം പിന്നിലേക്ക് എടുക്കുമ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ ഉച്ചത്തില്‍കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഉസൈന്‍ കേട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ കുട്ടി അപകടത്തില്‍ പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ വാഹനം പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ കുട്ടിയുടെ പിതാവ് പ്രതിക്കെതിരേ നടപടിയെടുക്കാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ഉസൈനെ വിട്ടയച്ചു. സമീപത്തെ ബിജിലിപ്പുരയില്‍ ചായക്കട നടത്തുന്നയാളാണ് കുട്ടിയുടെ പിതാവ് മൊഹമ്മദ് അസീം. നിയമനടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി.