Lifestyle

കേട്ടാല്‍ തന്നെ നെറ്റിചുളിക്കുന്ന വിഭവം, തായ്‌ലൻഡിൽ മാത്രമല്ല , ഇവിടെയുമുണ്ട്

ഇനി സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പ്രാണികളെ കൊണ്ടുള്ള വിഭവങ്ങള്‍. 16 ഇനം പ്രാണികളെ ഭക്ഷണമായി കഴിക്കാമെന്ന് സിംഗപ്പുര്‍ പ്രഖ്യാപിച്ചത് അടുത്തിയൊണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷായ്ക്കായുള്ള വിപുലമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.

പുല്‍ച്ചാടികള്‍, പുഴുക്കള്‍ , എന്നിവ പ്രോട്ടീനിന്റെ നല്ല സ്രോതസ്സുകളാണ്. പാരിസ്ഥിക സുസ്ഥിരത, കുറഞ്ഞ ഹരിതഗൃഹ വാതക പുറംതള്ളല്‍ മുതലായ ഗുണങ്ങളും ഇവയ്ക്കുള്ളതായി സ്റ്റേറ്റ് ഫുഡ് ഏജന്‍സിയായ സിംഗപ്പൂര്‍ ഫൂഡ് ഏജന്‍സി പറയുന്നു.

വെട്ടുക്കിളികളും പുല്‍ച്ചാടികളും ഭക്ഷണത്തിനായി അംഗീകരിച്ച പ്രാണികളില്‍ ഉള്‍പ്പെടുന്നു. ഇതിനെ മനുഷ്യരുടെ ഉപഭോഗത്തിനോ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് തീറ്റയായോ ഉപയോഗിക്കാം. ലോകത്തിന്റെ പലഭാഗത്തും പ്രാണികള്‍ പരമ്പരാഗത ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. പ്രാണികളില്‍ പ്രോട്ടീന്‍ , ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

സിംഗപ്പൂരില്‍ പ്രാണിവിഭവങ്ങള്‍ വിളമ്പുന്ന ആദ്യത്തെ റെസ്റ്റോറന്റുകളില്‍ ഒന്നാണ് ഹൗസ് ഓഫ് സീഫുഡ് . ഇവിടുത്തെ കടല്‍ വിഭവങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഇപ്പോഴിതാ പ്രാണികളെയും അവര്‍ തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുല്‍ച്ചാടിയിട്ട മീന്‍ തലക്കറി, ചോഫു വിത്ത് ക്രാളിംഗ് ബഗ്സ്, പട്ടുനുല്‍പ്പുഴുവിനൊപ്പം ഗ്ലുറ്റിനസ് റൈസ് ബോള്‍ഡ് മുതലായവയാണ് പുതിയ സ്പെഷ്യല്‍ വിഭവങ്ങള്‍. ഇതിന് പുറമേ സ്നാക്കുകളുമുണ്ട് , ബനാന ചോക്ലേറ്റ് , സ്ട്രോബെറി തുടങ്ങിയ രുചികളില്‍ പ്രാണികളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രോട്ടീന്‍ ബാറുകള്‍ ലഭ്യമാണ്.

2030ഓടെ രാജ്യത്തിന്റെ പോഷക ആവശ്യം പ്രാദേശികമായി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തായ്ലന്‍ഡിലും, മെക്സിക്കോയിലും, ജപ്പാനിലുമൊക്കെ ഇത്തരത്തിലുള്ള പ്രാണിവിഭവങ്ങള്‍ ലഭ്യമാണ്. ലോകത്ത് 2,100ലധികം ഭക്ഷ്യയോഗ്യമായ പ്രാണികളെ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.വ്യത്യസ്തവും രുചികരവുമായ ഒട്ടേറെ വിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ് സിംഗപ്പൂര്‍. ഹൈനാനീസ് ചിക്കന്‍ റൈസ്, ലക്സ, തുടങ്ങിയവ ഇവിടുത്തെ ചില രുചികളാണ്.