കോഴഞ്ചേരി: കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍. സംഭവമറിഞ്ഞെത്തിയ പോലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു. ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ് ഇലവുംതിട്ട ചന്ദനക്കുന്ന് ലക്ഷം വീട് നഗറില്‍ കുന്നംപള്ളില്‍ മനോജാണ് കടന്നല്‍ കുത്തേറ്റശേഷം പിടിയിലായത്.
വീട്ടുവഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ 17നു രാത്രി ഒന്നോടെ ഭാര്യ രാജേശ്വരി(46)യെ വെട്ടിപ്പരുക്കേല്‍പിച്ചത്. തടസംപിടിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യാമാതാവ് പൊന്നമ്മ(96)യ്‌ക്കും മകന്‍ അഭിഷേകിനും (18) വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. മൂവരെയും ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേശ്വരിയുടെ നില ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അഭിഷേക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊന്നമ്മയുടെ പരുക്കു ഗുരുതരമല്ല.
സംഭവശേഷം മുങ്ങിയ മനോജ് നാമക്കുന്നു മലയിലായിരുന്നു ഒളിച്ചത്. ഇതിനിടെയാണു കടന്നല്‍ കുത്തേറ്റത്. പിന്നീട് അവശനിലയില്‍ സമീപത്തെ വീട്ടിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
അവര്‍ വിവരമറിയിച്ചതനുസരിച്ചു പോലീസെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. നില മോശമായതിനെത്തുടര്‍ന്നാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇലവുംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു.




