Movie News

വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിക്ക് പേരായി, തമിഴക മുന്നേറ്റ കഴകം (ടിഎംകെ) പാര്‍ട്ടി

വെങ്കട്പ്രഭുവിന്റെ ഗോട്ടിന് ശേഷം സിനിമയില്‍ നിന്നും അവധിയെടുക്കുന്ന വിജയ് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഏറ്റവും പുതിയതായി വന്ന വിവരം. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്‌തേക്കുന്ന പാര്‍ട്ടിയുടെ പേരായി. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് വിവരം.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ പാര്‍ട്ടിയുമായി ഇറങ്ങുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടിയുടെ പേരും പതാകയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി ആദ്യവാരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താരം നേരിട്ട് ഏര്‍പ്പെട്ടു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം സാമൂഹ്യ രാഷ്ട്രീയ പരിപാടികളില്‍ സജീവമാണ്.

ഡിസംബറില്‍ തമിഴ്‌നാട്ടില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന തെക്കന്‍ ജില്ലകളിലും ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ വിജയ് തന്നെ നേരിട്ട് എത്തിയിരുന്നു. ഇതിന് പുറമേ വിജയ് യുടെ ആരാധക കൂട്ടായ്മ തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദളപതി അതിനുശേഷം അദ്ദേഹം സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്നാണ് വിവരം. 2026-ല്‍ രാഷ്ട്രീയ അരങ്ങേറ്റം നടത്തുമെന്നായിരുന്നു നേരത്തേ വിജയ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി എത്രയും വേഗം രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിട്ടുള്ളതായി ഇന്ത്യ ടുഡേ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.