തായ്‌ലന്റിലെ ഏറ്റവും ക്രൂരയായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായി ആരോപിക്കപ്പെട്ട 36 കാരിക്ക് കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ. ഇവര്‍ക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന 14 കൊലപാതകങ്ങളില്‍ ആദ്യത്തെ കേസില്‍ തന്നെ സരരത് രംഗ്സിവുതപോര്‍ണ എന്ന യുവതിക്ക് എതിരേയാണ് ശിക്ഷ വിധിച്ചത്. രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളില്‍ സുഹൃത്ത് സിരിപോര്‍ണ്‍ ഖാന്‍വോംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
കൊള്ളയും കൊലയും നടത്തിയെന്നാണ് രംഗ്സിവുതപോര്‍ണയ്‌ക്കെതിരേ തായ് കോടതി കണ്ടെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി വിശേഷിപ്പിക്കപ്പെടുന്ന സരരത്ത്, ഇരകളെ സയനൈഡ് ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്. കൊല്ലുന്നതിന് മുമ്പ് അവരില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുകയും ചെയ്തിരുന്നതായി ആരോപണമുണ്ട്.
ചൂതാട്ടം നടത്താന്‍ ഇരകളില്‍ നിന്ന് ആയിരക്കണക്കിന് ഡോളര്‍ കടം വാങ്ങുകയും പിന്നീട് അവര്‍ ഈ തുക തിരിച്ചു ചോദിക്കുമ്പോള്‍ അവരെ കൊല്ലുകയും ചെയ്തതായി തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഏപ്രിലില്‍ ബാങ്കോക്കിന് സമീപം മേ ക്ലോംഗ് നദിയിലേക്ക് മത്സ്യം വിടുന്ന ബുദ്ധമത ആചാരത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു സിരിപോര്‍ണിനെ കൊലപ്പെടുത്തിയത്. ചടങ്ങ് കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം സിരിപോണ്‍ കുഴഞ്ഞുവീണ് മരിച്ചു.
പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ അവളുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തുകയായിരുന്നു. ഇതോടെ 2015 മുതലുള്ള നിരവധി സയനൈഡ് വിഷബാധയില്‍ സരരത്തിന്റെ പങ്ക് പോലീസ് കണ്ടെത്തി. ഇവര്‍ ഇരകളെ വശീകരിച്ച് വിഷം കലര്‍ന്ന ആയുര്‍വേദ ഗുളികകള്‍ കഴിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതായിരുന്നു കൊലപാതക രീതി. അവരില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. ചില ഇരകളില്‍ നിന്ന് സരരത്ത് 300,000 ബാറ്റ് കടം വാങ്ങിയതായും അവരെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതായും പോലീസ് വെളിപ്പെടുത്തി. 13 കൊലപാതകങ്ങളില്‍ സരരത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ആകെ 80 ഓളം കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ഭര്‍ത്താവ്, പോലീസ് ലെഫ്റ്റനന്റ് കേണലായിരുന്നയാള്‍ 16 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. സിരിപോണിന്റെ കൊലപാതകത്തില്‍ പങ്കാളിയായ സരരിത്തിന്റെ അഭിഭാഷകന് രണ്ട് വര്‍ഷത്തെ തടവ് ലഭിച്ചു. തായ്ലന്‍ഡ് മുമ്പ് നിരവധി ഉയര്‍ന്ന വിഷബാധ കേസുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാല്‍ സരരത്തിന്റെ ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ അവയുടെ അളവിലും തീവ്രതയിലും വേറിട്ടുനില്‍ക്കുന്നു. മകള്‍ക്ക് നീതി കിട്ടിയെന്നായിരുന്നു മാതാവിന്റെ പ്രതികരണം.