Lifestyle

മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്

ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും ഈ സ്വഭാവ സവിശേഷത കണ്ടെന്നുവരും.. ഇങ്ങനെ പ്രശ്‌നങ്ങളില്‍ പതറിപോകുന്നത് തടയാനും മനസ് ശാന്തമാക്കാനും ചില ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്കുകള്‍.

  1. വ്യായാമം

ഏറ്റവും നല്ല ടെന്‍ഷന്‍ നിവാരണികളിലൊന്നായാണ് വ്യായാമത്തെ ഇന്ന് വൈദ്യശാസ്ത്രം കാണുന്നത്. ദിവസവും ഒരു നിശ്ചിത സമയം വ്യായാമം ചെയ്യുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും. നടത്തമാണ് ഏറ്റവും നല്ല വ്യായാമരീതി.

  1. യോഗ അല്ലെങ്കില്‍ ധ്യാനം

യോഗ, ധ്യാനം തുടങ്ങിയവയ്ക്ക് മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പ്രശ്‌നങ്ങള്‍ നേരിടാന്‍ വ്യക്തിയ്ക്ക് ആത്മവിശ്വാസം നല്‍കാനും കഴിയും. ധ്യാനിക്കാനും മറ്റും യോഗസെന്ററില്‍ പോകാന്‍ സമയമില്ലാത്തവര്‍ അഞ്ചു മിനിട്ടെങ്കിലും കണ്ണടച്ച് മനസ് ഏകാഗ്രമാക്കി ഇരുന്നാല്‍ ഈ ഫലം ലഭിക്കും. സാവധാനം ശ്വാസോഛ്വാസം ചെയ്യുന്നതും പിരിമുറുക്കത്തിന് അയവ് വരുത്തും.

  1. പാട്ട് കേള്‍ക്കുക– മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സംഗീതത്തിനുള്ള കഴിവ് ശാസ്ത്രീയതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇഷ്ടസംഗീതം ആസ്വദിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള സംഗീതമാണ് കേള്‍ക്കേണ്ടത്.
  1. ഉള്ളുതുറന്ന് ചിരിക്കുക- ചിരി ടെന്‍ഷനുള്ള നല്ല ഒരു മരുന്നാണ്. ചിരിക്കുന്നയാളിലും അത് കാണുന്ന ആളിലും ഒരുപോലെ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ചിരിയ്ക്ക് കഴിയും.
  2. ഉറക്കം കൃത്യമാക്കുക: – ഉറക്കം നഷ്ടപ്പെടുന്നത് മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കും. മാനസികമായ സന്തുലിതാവസ്ഥയ്ക്ക് ശരിയായ ഉറക്കം അത്യാവശ്യമാണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ മാനസിക പിരിമുറുക്കവും ഉത്കണ്ഠകളും കുറയ്ക്കാനാകും.