ന്യൂഡല്‍ഹി: ദുബായ് എയര്‍ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ് പോര്‍വിമാനം തകര്‍ന്നുണ്ടായ അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കുന്ന വീഡിയോ പുറത്ത്. വിമാനം തകര്‍ന്നുവീഴുന്നതിന്റെ അവസാനനിമിഷം പൈലറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ് പുതിയ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.
ഡബ്ല്യു.എല്‍. ടാന്‍സ് ഏവിയേഷന്‍ വീഡിയോസ് പോസ്‌റ്റ് ചെയ്‌ത ദൃശ്യമാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്. താഴ്‌ന്നു പറന്നുള്ള അഭ്യാസപ്രകടനത്തിനിടെയാണ് വിമാനം നിലത്തുപതിച്ച് അപകടമുണ്ടായത്. നിലത്ത് ഇടിച്ചയുടന്‍തന്നെ വിമാനം തീഗോളമായി. ഈ സമയത്ത് പാരച്യൂട്ട് പോലുള്ള വസ്‌തു തീഗോളത്തിനിടയില്‍ കാണാം. വീഡിയോയിലെ 49-52 സെക്കന്‍ഡുകള്‍ക്കിടയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.
പൈലറ്റ് വിമാനത്തില്‍നിന്നു പുറത്തുചാടാന്‍ ശ്രമിച്ചിരുന്നെങ്കിലും വൈകിപ്പോയിരുന്നെന്ന് വ്യോമയാനവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള തേജസ് പോര്‍വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും തകരാതെ രക്ഷപ്പെടുത്താനും പൈലറ്റ് ശ്രമിച്ചിരിക്കാം. എന്നാല്‍, അതിനു കഴിയില്ലെന്നു വ്യക്‌തമായതോടെ പൈലറ്റ് പുറത്തുചാടാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയെന്നും വിദഗ്‌ധര്‍ പറയുന്നു.
ദുബായ് എയര്‍ഷോയ്‌ക്കിടെയുണ്ടായ അപകടത്തില്‍ ഹിമാചല്‍പ്രദേശിലെ കാങ്‌ഗ്ര സ്വദേശിയായ വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍(37) ആണ് വീരമൃത്യുവരിച്ചത്. അഭ്യാസപ്രകടനത്തിന്റെ ഭാഗമായി അല്‍ മഖ്‌തൂം രാജ്യാന്തര വിമാനത്താവളത്തിനു മുകളിലൂടെ പറക്കവേയാണ് വിമാനം തകര്‍ന്നുവീണത്. ഗുരുത്വാകര്‍ഷണത്തിനു വിപരീതദിശയില്‍ അനുഭവപ്പെടുന്ന ‘ജി ഫോഴ്‌സ് ടേണ്‍’ വീണ്ടെടുക്കാന്‍ പൈലറ്റിനു സാധിക്കാതിരുന്നതാണ് അപകടകാരണമെന്നു വിലയിരുത്തപ്പെടുന്നു. വായുവില്‍ തെന്നിനീങ്ങാന്‍ (സ്‌ളൈഡ്) കഴിയാതെ വിമാനം നേരേ താഴോട്ടു പതിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
24 വര്‍ഷത്തിനിടെ തേജസ് പോര്‍വിമാനം തകര്‍ന്നുവീഴുന്നത് ഇത് രണ്ടാംതവണയാണ്. 2001-ലായിരുന്നു വിമാനത്തിന്റെ കന്നിപ്പരീക്ഷണപ്പറക്കല്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജസ്‌ഥാനിലെ ജയ്‌സാല്‍മീറില്‍ തേജസ് തകര്‍ന്നുവീണതാണ് ആദ്യസംഭവം. അന്ന് പൈലറ്റ് സുരക്ഷിതമായി പുറത്തേക്കു ചാടി രക്ഷപ്പെട്ടു. തേജസ് തകര്‍ന്ന് മരണമുണ്ടാകുന്നത് ഇതാദ്യമായാണ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പോര്‍വിമാനമാണ് തേജസ്. ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മിച്ച ഒറ്റസീറ്റുള്ള ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്‌റ്റില്‍ മികച്ച സുരക്ഷാ സംവിധാനങ്ങളാണുള്ളത്. പറന്നുയരുമ്പോഴോ ലാന്‍ഡിങ് വേളയിലോ ഉള്‍പ്പെടെയുള്ള, സീറോ ആള്‍ട്ടിറ്റ്യൂഡ്, സീറോ സ്‌പീഡ് സാഹചര്യങ്ങളില്‍പ്പോലും പൈലറ്റിനു സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിയുന്ന ‘മാര്‍ട്ടിന്‍-ബേക്കര്‍ ടീറോ-സീറോ ഇജക്‌ഷന്‍ സീറ്റ്’ തേജസിന്റെ പ്രത്യേകതയാണ്. എന്നാല്‍, ഇത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും പൈലറ്റിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നു വ്യക്‌തതയില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്‌തമാക്കിയിട്ടുണ്ട്.




