ലോകഫുട്‌ബോളിലെ രാജാവായി മുപ്പത്തിയെട്ടാം വയസ്സിലും വാഴുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ തട്ടകത്തില്‍ നിന്നും ഈ സീസണിലും കരഞ്ഞുകൊണ്ട് മടക്കം. താരത്തിന്റെ ക്ലബ്ബ് അല്‍ നസര്‍ കിംഗ്‌സ് കപ്പിലും തോല്‍വി ഏറ്റുവാങ്ങിയതോടെ വെറുംകയ്യോടെ ഈ സീസണിലും താരത്തിന് മടങ്ങേണ്ടി വന്നു. അല്‍നസറിന്റെ പ്രധാന എതിരാളി അല്‍ ഹിലാല്‍ കിംഗ്‌സ് കപ്പ് ഫൈനലില്‍ ക്രിസ്ത്യാനോയുടെ ടീമിനെ വീഴ്ത്തി.
ഇരുടീമുകളും ഓരോഗോള്‍ അടിച്ച് സമനിലി പിടിച്ചതിന് പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഹിലാലിന്റെ വിജയം. വന്‍തുക കൊടുത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പോര്‍ച്ചുഗീസ് ഇതിഹാസത്തിന് ടീമിനായി സ്‌കോര്‍ ചെയ്യാനായില്ല. നേരത്തേ ലീഗ് കപ്പും അല്‍നസറിനെ പിന്നിലാക്കി ഹിലാല്‍ നേടിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കിംഗ്സ് കപ്പ് ഫൈനലിന്റെ രണ്ട് പാദങ്ങളിലും ഗോളടിക്കാനായില്ല.
റൊണാള്‍ഡോയുടെ ഒരു ബൈസിക്കിള്‍ കിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചതായിരുന്നു റൊണാള്‍ഡോയുടെ ആകെ സാന്നിദ്ധ്യം. കിരീടം കിട്ടാതെ ഏറെ വൈകാരികമായാണ് റൊണാള്‍ഡോ സ്റ്റേഡിയം വിട്ടത്. റോണോ മൈതാനത്ത് കിടന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നേരത്തേ സൗദി പ്രോലീഗിലും പോയിന്റ് പട്ടികയില്‍ അല്‍ നസര്‍ ഹിലാലിന് പിന്നില്‍ രണ്ടാമതായി. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലാവട്ടെ ക്വാര്‍ട്ടര്‍ഫൈനലില്‍ അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ഗോളുകളുടെ എണ്ണത്തിലെ വ്യക്തിഗത റെക്കോര്‍ഡ് മാത്രമാണ് താരത്തിനുള്ളത്.
സിംഗിള്‍ സീസണില്‍ താരം 35 ഗോളുകള്‍ നേടി സൗദി പ്രോ ലീഗില്‍ ഈ വര്‍ഷം റെക്കോഡ് ഇട്ടിരുന്നു. ഗോള്‍ഡണ്‍ ബൂട്ട് നേടിയ താരം 2018-19 സീസണില്‍ 34 ഗോളുകള്‍ നേടിയ അബ്ദുറസ്സാഖ് ഹംദല്ലയുടെ റെക്കോഡാണ് പൊട്ടിച്ചത്. നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ്പ് സ്‌കോറര്‍ ആകുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായിട്ടാണ് ഈ സീസണില്‍ ക്രിസ്ത്യാനോ മാറിയത്. അദ്ദേഹം കളിച്ചിട്ടുള്ള സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി എ, ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്, സൗദി പ്രോ ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.