Celebrity

തീവ്രവാദ ആക്രമണ ഭീതിയില്‍ ടെയ്ലര്‍ സ്വിഫ്റ്റ്, നടത്താനിരുന്നത് ചാവേര്‍ ആക്രമണം; സംഗീതപരിപാടി മാറ്റി

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വീയെന്നയില്‍ നടത്താനിരുന്ന ടെയ്ലര്‍ സ്വഫ്റ്റിന്റെ സംഗീത പരിപാടി ഉപേക്ഷിച്ചത് നേരത്തെ വന്‍ വാര്‍ത്തയായിരുന്നു. നടിയുടെ പരിപാടിയില്‍ നടത്താനിരുന്നത് ചാവേര്‍ ആക്രമണമായിരുന്നെന്ന് റിപ്പോര്‍ട്ട്. വിയെന്നയില്‍ അനേകം ആള്‍ക്കാരെ കൊല്ലാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സ് പ്രായമുള്ള ഇസ്ളാമിക് സ്റ്റേറ്റ് അനുയായിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടകവസ്തുക്കളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു പ്ലാനിട്ടിരുന്നതെന്നും പിടിക്കപ്പെട്ടയാള്‍ പറഞ്ഞുവെന്നാണ് ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന സൂചനകള്‍. സംഗീതപരിപാടിക്കിടയിലേക്ക് കടന്നുവന്ന് സ്വയം പൊട്ടിത്തെറിച്ച് അനേകരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ലോവര്‍ ഓസ്ട്രേലിയയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്ന് ഓസ്ട്രേലിയയുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫ്രാന്‍സ് റുഫ് പറഞ്ഞു. നേരത്തേ സുരക്ഷാഭീഷണി കണക്കിലെടുത്ത് പരിപാടി മാറ്റിയിരുന്നു.

വീയെന്നയില്‍ സ്വിഫ്റ്റിന്റെ മൂന്ന് പരിപാടികളായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഓരോ ഷോയ്ക്കും 65,000 കാണികളെയാണ് പ്രതീക്ഷിച്ചിരുന്നത്. പിടിയിലായവരുടെ വെളിപ്പെടുത്തല്‍ ടെയ്ലര്‍ സ്വിഫ്റ്റ് ആരാധകരെ മുഴുവന്‍ അങ്കലാപ്പിലാക്കിയിട്ടുണ്ട്. 2020 ലും വീയെന്നയില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണം നടന്നിരുന്നു. നാലുപേരെ ഒരാള്‍ കുത്തിക്കൊല്ലുകയും 23 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.