ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായി. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി.
മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ റാണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ റാണ 16 റൺസ് വഴങ്ങിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരെ 2024 ജൂലൈ 30നാണ് സിറാജ് ഇന്ത്യക്ക് വേണ്ടി അവസാനമായി ടി20 മത്സരം കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 16 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സിറാജ് 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് സിറാജ്.
ബാറ്റിംഗിലും തിളങ്ങാന്‍ ശേഷിയുള്ള റാണയുടെ അഭാവം ഇന്ത്യയുടെ ടീം ബാലന്‍സിനെ ബാധിച്ചേക്കാം. ഹര്‍ഷിത് റാണയ്ക്ക് പുറമെ മറ്റ് ചില പ്രധാന താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വാരിയെല്ലിന് പരിക്കേറ്റ സുന്ദര്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
അതിനിടെ കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വര്‍മ ബാറ്റിംഗ് നിരയില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. സന്നാഹ മത്സരത്തില്‍ 19 പന്തില്‍ 45 റണ്‍സുമായി തിലക് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.




