ദുബായ്: ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന 2026 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ മുഴുവന്‍ മത്സരക്രമങ്ങളും പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണു ടൂര്‍ണമെന്റ്.
പുതുമുഖങ്ങളായ ഇറ്റലി ഉള്‍പ്പെടെ 20 ടീമുകളാണ് പങ്കെടുക്കുന്നത്. മുംബൈയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരവും ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടവുമാണ് ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങള്‍. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, കൊളംബോ തുടങ്ങിയ പ്രമുഖ വേദികളിലായാണ് ലോകകപ്പ്.
ഇന്ത്യ, പാകിസ്‌താന്‍, യു.എസ്.എ., ഹോളണ്ട്, നമീബിയ എന്നിവര്‍ എ ഗ്രൂപ്പിലാണ്. ബി ഗ്രൂപ്പില്‍ ശ്രീലങ്ക, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, സിംബാബ്‌വേ, ഒമാന്‍ എന്നിവരാണ്. സി ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, വെസ്‌റ്റിന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി എന്നിവര്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്‌ഥാന്‍, കാനഡ, യു.എ.ഇ. എന്നിവര്‍ ഡി ഗ്രൂപ്പിലാണ്.
മാര്‍ച്ച് എട്ടിനു നടക്കുന്ന ഫൈനല്‍ അഹമ്മദാബാദിലോ കൊളംബോയിലോ നടക്കും. മാര്‍ച്ച് 4, 5 തീയതികളിലാണു സെമി ഫൈനല്‍ മത്സരങ്ങള്‍. കൊല്‍ക്കത്ത/കൊളംബോ, മുംബൈ എന്നിവയാണു വേദികള്‍. പാകിസ്‌താന്‍ സെമിയില്‍ കടന്നാല്‍ കൊളംബോയിലും അല്ലെങ്കില്‍ കൊല്‍ക്കത്തയിലും മത്സരം നടത്തും. ശ്രീലങ്കയിലെ കാന്‍ഡിയും ഡല്‍ഹി, ചെന്നൈ എന്നിവയും വേദികളാണ്.




