Sports

ഹര്‍ദിക്കിനെ മറികടന്ന് നായകന്റെ തൊപ്പി സൂര്യകുമാര്‍ യാദവിന്റെ തലയില്‍ കയറിയത് എന്തുകൊണ്ട് ?

ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവിനെ നാടകീയമായിട്ടാണ് ഇന്ത്യന്‍ ടീം നായകനായി പ്രഖ്യാപിച്ചത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്ത്യ പുതിയ പരിശീലകന്‍ ഗൗതംഗംഭീറിന് കീഴില്‍ ആദ്യ പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ടി 20 ടീമിന്റെ ചുമതല ഹര്‍ദികിനെ മറികടന്നാണ് സൂര്യകുമാര്‍ യാദവ് പിടിച്ചെടുത്തത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദികിന് കീഴില്‍ കളിച്ചയാളാണ് സൂര്യകുമാര്‍ യാദവ് എന്നത് കൂടി പ്രസക്തമാണ്.

രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റത്തില്‍ ഹര്‍ദികിനെ മറികടന്ന് നായകസ്ഥാനം സൂര്യയിലേക്ക് വരാന്‍ കാരണമായത് ഹര്‍ദികിന് അടിക്കടി ഉണ്ടാകുന്ന ഫിറ്റ്‌നെസ് പ്രശ്‌നമാണെന്നതാണ് സൂചനകള്‍. ഇന്ത്യ ടി20 ലോകകപ്പിന് പോയപ്പോള്‍ രോഹിതിന് കീഴില്‍ ഡെപ്യൂട്ടി ആയിരുന്നത് ഹര്‍ദിക്കായിരുന്നു. അതുകൊണ്ടു തന്നെ രോഹിത് മാറുമ്പോള്‍ സ്വാഭാവികമായും പാണ്ഡ്യയ്ക്ക് നായകന്റെ തൊപ്പി വന്നുചേരും എന്ന് ആരാധകര്‍ നോക്കിയിരിക്കുമ്പോഴായിരുന്നു നാടകീയമായി സൂര്യയെ നായകനാക്കിയത്.

ജൂലൈ 27 ന് നടക്കുന്ന ആദ്യ ടി20 മത്സരത്തോടെയാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിന് തുടക്കമാകുന്നത്. ഹര്‍ദികിന്റെ ഫിറ്റ്‌നസ് സെലക്ടര്‍മാര്‍ക്ക് ആകുലത നല്‍കുന്ന കാര്യമായി മാറിയതോടെയാണ് സൂര്യകുമാറിനെ നായകനാക്കാന്‍ തീരുമാനിച്ചത്. അതിനൊപ്പം ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ് എന്നതും അദ്ദേഹത്തിനെ പരിഗണിക്കാന്‍ കാരണമായി മാറി.

സൂര്യകുമാറിനെ നായകനായി പ്രമോട്ട് ചെയ്യാനുള്ള ആശയം ആദ്യം അവതരിപ്പിച്ചത് ദ്രാവിഡിന്റെ കാലത്താണെന്നാണ് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ പറഞ്ഞത്. അതിനെല്ലാം പുറമേ ടീം അംഗങ്ങളുമായി സൂര്യകുമാറിനുള്ള പോസിറ്റീവായ ബന്ധവും അദ്ദേഹത്തെ ടീമിന്റെ നായകനാക്കി തീരുമാനമെടുക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമായി. അടുത്ത ലോകകപ്പ് അടക്കമുള്ള ദീര്‍ഘമായ കരിയറാണ് സൂര്യയ്ക്ക് മുന്നിലുള്ളത്.