Sports

എന്നുവരും നീ എന്നുവരും… സൂര്യകുമാറിനായി കാത്ത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍

മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിലൂടെ ആരാധകര്‍ക്ക് ഉണ്ടായിരിക്കുന്ന നിരാശ ചില്ലറയല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് പിന്നാലെ ടീമിലെ രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതിന്റെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഹര്‍ദികിന്റെ ക്യാപ്റ്റന്‍സി കിടന്ന് പുകയുകയും ചെയ്യുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് മാത്രമാണ് ഇപ്പോള്‍ ആരാധകരുടെ സ്വപ്നം.

ഇന്ത്യയ്്ക്ക് വേണ്ടി കളിക്കുമ്പോള്‍ കണങ്കാലിനേറ്റ പരിക്ക് മൂലം മാസങ്ങളായി പുറത്തിരിക്കുന്ന സൂര്യകുമാര്‍ എപ്പോള്‍ തിരിച്ചുവരുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരം മുതല്‍ സൂര്യകുമാര്‍ കളിക്കളത്തില്‍ എത്തുമെന്നാണ് സൂചനകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരേയുള്ള അടുത്ത മത്സരത്തില്‍ സൂര്യ കളത്തിലുണ്ടാകുമെന്നാണ് വിവരം.

ഞായറാഴ്ച (ഏപ്രില്‍ 7) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ 2024 ലെ അവരുടെ നാലാമത്തെ മത്സരത്തില്‍ സൂര്യ എംഐക്ക് വേണ്ടി കളിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്‍ 2018 ലേലത്തിലൂടെയാണ് സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്. അന്നുമുതല്‍ ഫ്രാഞ്ചൈസിക്കായി ഇതുവരെ കളിച്ച 85 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2641 റണ്‍സ് നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സൂര്യ. 2023 സീസണില്‍, സൂര്യ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 16 മത്സരങ്ങളില്‍ കളിക്കുകയും 605 റണ്‍സ് നേടുകയും ചെയ്തിരുന്നു. 2023 ഡിസംബര്‍ 14 ന് പരിക്കേറ്റതിന് ശേഷം കളിക്കളത്തില്‍ നിന്ന് പുറത്തായ 33 കാരനായ വലംകൈയ്യന്‍ ബാറ്ററിന് എന്‍സിഎയില്‍ നിന്ന് ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചു.