കുട്ടികളെ വളർത്തുന്നത് അമ്മയുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നു പഠനം. ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുമെന്നും പഠനം പറയുന്നു. അഫക്റ്റീവ് ഡിസോർഡേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച സൂചോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു പഠനമാണ് സ്ത്രീകൾക്ക് കുട്ടികളുണ്ടാകുന്നതിന്റെ പ്രയോജനങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പ്രധാനമായി, മികച്ച മാനസികാരോഗ്യം നൽകാന്‍ മാതാവിന് വേണ്ട കുട്ടികളുടെ എണ്ണവും പഠനം വിശദീകരിക്കുന്നു . രണ്ട് കുട്ടികൾ ഉണ്ടാകുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് അമ്മയുടെ മാനസികാരോഗ്യത്തിന് സഹായകമാകുമെന്നും പഠനം വ്യക്തമാക്കുന്നു .
55,700 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. തങ്ങൾക്ക് ജനിച്ച കുട്ടികളുടെ എണ്ണത്തെക്കുറിച്ചും അവരുടെ മാനസികാരോഗ്യ സ്ഥിതിയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു .
പ്രായം, ജീവിതശൈലി, പ്രത്യുൽപാദന ആരോഗ്യം തുടങ്ങി മാനസികാരോഗ്യത്തിന് സ്വാധീനമുള്ള മറ്റ് പാരാമീറ്ററുകൾ കണക്കിലെടുത്തതിന് ശേഷം, പ്രസവിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ബൈപോളാർ ഡിസോർഡർ, വിഷാദം എന്നിവ പ്രസവിച്ച സ്ത്രീകളിൽ 30% കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.
സ്ത്രീകളിൽ കുട്ടികളുടെ എണ്ണം രണ്ടായി വർധിച്ചതോടെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത ഗണ്യമായി കുറഞ്ഞുവെന്നും എന്നാൽ രണ്ട് കുട്ടികൾക്കപ്പുറം, മറ്റ് ഗുണങ്ങൾ കണ്ടെത്താനയിട്ടില്ലെന്നും പഠനം പറയുന്നു .