Health

ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ

സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിരന്തരമായ പരിശോധനയെ സംബന്ധിക്കുന്ന അറിവില്ലായ്മ, സമ്പത്തിക പരാധീനതകള്‍, സാംസ്‌കാരികമായ പ്രതിബന്ധങ്ങള്‍ എന്നിവയാണ് ഇത്തരത്തിലുള്ള മടിക്ക് കാരണമാകുന്നതെന്ന് പഠനം കണ്ടെത്തുന്നു.

രക്ത സമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ടതായി വരുമെന്ന ചിന്തയാണ് പല ഇന്ത്യക്കാരെയും ഉത്കണ്ഠാകുലരാക്കുന്നതെന്ന് വൈശാലി മാക്സ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ വന്ദന ഗാര്‍ഗ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ദക്ഷിണേന്ത്യയിലുള്ളവരില്‍ ഏതാണ്ട് 76 ശതമാനം പേര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ രക്ത സമ്മര്‍ദ്ദം പരിശോധിച്ചട്ടുള്ളവാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ പ്രദേശത്തിലാണ് ഇന്ത്യയില്‍ രക്തസമ്മര്‍ദ്ദ പരിശോധനയുടെ തോത് കൂടുതലായുള്ളത്. ഹൃദ്രോഹം അടക്കമുള്ള പല രോഗങ്ങളെ പറ്റിയും മുന്നറിയിപ്പ് നല്‍കാനായി ഇത്തരത്തിലുള്ള രക്തസമ്മര്‍ദ്ദ പരിശോധനയ്ക്ക് സാധിക്കും. രക്ത സമ്മര്‍ദ്ദത്തിനെ സംബന്ധിക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റുന്നത് അധികം പേര്‍ പരിശോധനകള്‍ക്ക് വിധയരാകാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.