കഴിഞ്ഞ ഏതാനും നാളുകളായി ചെന്നൈയിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസമാണ് കൊളത്തൂരിലെ ബാലാജി നഗറിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു പശു കാൽനട യാത്രക്കാരായ ഒരു സ്ത്രീയെയും കുഞ്ഞിനേയും ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്.
മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കല്ലും വടിയും ഉപയോഗിച്ച് പശുവിനെ തുരത്തുകയായിരുന്നു.
തക്കസമയത്ത് അയൽവാസികൾ പശുവിനെ വിരട്ടി ഓടിച്ചതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
@Omjasvin M D എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ റോഡിലൂടെ ഒരു സ്ത്രീയും കുഞ്ഞും നടന്നുപോകുന്നതാണ് കാണുന്നത്. സമീപത്തായി ഒരു പശു അലഞ്ഞുതിരിയുന്നത് കാണാം. എന്നാൽ ഏതാനും സെക്കന്റുകൾക്കുള്ളിൽ പശു യുവതിയെയും കുഞ്ഞിനേയും ആക്രമിക്കാൻ പാഞ്ഞു . സംഭവത്തിൽ പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞതോടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പശുവിനെ പിടികൂടി വാഹനത്തിൽ കൊണ്ടുപോയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത ജനാരോഷമാണ് ഇതിനെതിരെ ഉയരുന്നത്. ഇത്തരം സംഭവങ്ങൾക്ക് ശാശ്വതമായ പരിഹാരങ്ങൾ ഇല്ലാത്തതിൽ നിരവധിപേരാണ് നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ആവർത്തിച്ചുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു ഉപയോക്താവ് GCC-യെ ടാഗ് ചെയ്തു: “കന്നുകാലികളെയും തെരുവ് നായ്ക്കളെയും കുറിച്ച് ആവർത്തിച്ചുള്ള പരാതികൾ അവഗണിക്കപ്പെടുകയാണ്. എല്ലാ ദിവസവും ഞങ്ങൾ ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്നു, പക്ഷേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. എന്റെ പ്രദേശത്ത് മാത്രം 150-ലധികം തെരുവ് കന്നുകാലികളും എണ്ണമറ്റ നായ്ക്കളും സ്വതന്ത്രമായി വിഹരിക്കുന്നു, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.”
കന്നുകാലികളുടെയും തെരുവ് നായ്ക്കളുടെയും ആക്രമണങ്ങൾ അടുത്ത കാലത്തായി വർധിച്ചുവരികയാണ്. ഈ സമീപകാലത്താണ് എംഎംഡിഎ കോളനിയിൽ 9 വയസ്സുള്ള പെൺകുട്ടിയെ ഒരു തെരുവ് പശു ആക്രമിച്ചത്.
അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് താമസക്കാർ ജിസിസിയോട് അഭ്യർത്ഥിച്ചു. ഈ വൈറൽ വീഡിയോ, വർദ്ധിച്ചുവരുന്ന ഇത്തരം പ്രശ്നം കൈകാര്യം ചെയ്യാൻ ഫലപ്രദമായ നടപടിയുടെ അടിയന്തിര ആവശ്യത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.