ഓടുന്ന ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് അടുത്ത ട്രാക്കിലൂടെ വരുന്ന ട്രെയിനിന് നേരെ കല്ലെറിയുന്ന വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം മുംബൈയിലാണെന്നാണ് പലരും അവകാശപ്പെട്ടിരുന്നത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വീഡിയോ മുംബൈയിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി.
വൈറൽ ക്ലിപ്പിൽ, വയോധിക ഒരു വലിയ കല്ലെടുത്ത്, കടന്നുപോകുന്ന ട്രെയിനിന്റെ മോട്ടോർമാന്റെ കാബിനിന് നേരെ ലക്ഷ്യം വെയ്ക്കുന്നത് കാണാം. കല്ലെറിഞ്ഞ ശേഷം, അവർ ട്രെയിനിന് നേരെ ആക്രോശിക്കുന്നുണ്ടെങ്കിലും അത് വ്യക്തമല്ല. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. നിരവധി ഉപയോക്താക്കൾ മുംബൈ പോലീസിനെ ടാഗ് ചെയ്യുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. ആദ്യം വൈറൽ പോസ്റ്റുകളിൽ തെറ്റിദ്ധരിക്കപ്പെട്ട മുംബൈ പോലീസിന്റെ ഔദ്യോഗിക അക്കൗണ്ട് പോലും അന്വേഷണത്തിനായി മുംബൈ ഗവൺമെന്റ് റെയിൽവേ പോലീസിനെ (ജിആർപി) എക്സിൽ (മുമ്പ് ട്വിറ്റർ) ടാഗ് ചെയ്തിരുന്നു.
ട്രെയിനിന്റെ ലോക്കോമോട്ടീവ് ഡ്രൈവറുടെ കാബിനിന് നേരെ വലിയ കല്ലെടുത്ത് എറിയാൻ ഇവരെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസിലാക്കാൻ നെറ്റിസൺസ് ശ്രമിക്കുന്നുണ്ട്. ഇതൊരു ‘ട്രെയിൻ കിട്ടാതെ പോയതിലുള്ള’ രസകരമായ പ്രതികാരമായി ഭൂരിഭാഗം പേർ കണ്ടപ്പോൾ, ചിലർക്ക് ഇവർക്ക് മാനസിക വെല്ലുവിളികൾ ഉണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലരാകട്ടെ, ഇവർ ഏതെങ്കിലും വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് ‘കണക്കുകൂട്ടിയുള്ള’ ആക്രമണം നടത്തിയതാവാം എന്നും അഭിപ്രായപ്പെട്ടു. വീഡിയോയിലെ ഏറ്റവും പ്രധാന സൂചന ട്രെയിനിന്റെ മുൻഭാഗത്തിന്റെ രൂപകൽപ്പനയാണ്.
വെസ്റ്റേൺ റെയിൽവേ (WR), സെൻട്രൽ റെയിൽവേ (CR) ഡിവിഷനുകൾക്ക് കീഴിൽ ഓടുന്ന മുംബൈയിലെ ലോക്കൽ ട്രെയിനുകളുടെ രൂപവുമായി ഇതിന് സാമ്യമില്ല. പകരം, ട്രെയിനിൽ “ER” എന്ന അടയാളം കാണാം, ഇത് ഈസ്റ്റേൺ റെയിൽവേയെ (Eastern Railway) സൂചിപ്പിക്കുന്നു, ഈ സോൺ പ്രധാനമായും പശ്ചിമ ബംഗാളിലും അടുത്തുള്ള സംസ്ഥാനങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈ വീഡിയോ മുംബൈയിൽ നിന്നല്ല, ഈസ്റ്റേൺ റെയിൽവേ ശൃംഖലയുടെ കീഴിലുള്ള ഒരു പ്രദേശത്ത് നിന്നാണ് ഉടലെടുത്തതെന്ന് തോന്നുന്നു. സംഭവത്തിന്റെ കൃത്യമായ സ്ഥലം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വൈറൽ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് അവർ ഇങ്ങനെ പ്രസ്താവിച്ചു: “വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. @ErRpf”. തുടർന്ന് @ErRpf, ഹൗറ, സീൽദാ സ്റ്റേഷനുകളിലെ RPF-നെ ത്രെഡിൽ ടാഗ് ചെയ്തു. ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാത്തിരിക്കുന്നു.




