ആഡംബരത്തിനും പ്രൗഢിക്കും പേരുകേട്ട ഇന്ത്യൻ വിവാഹങ്ങൾ, സോഷ്യൽ മീഡിയ കാലഘട്ടത്തിൽ വൻ തുകകൾ ചെലവഴിച്ച് കൂടുതൽ വൈവിധ്യമാർന്നതായി മാറിയിരിക്കുകയാണ്. എന്നാൽ, തന്റെ വരാനിരിക്കുന്ന വിവാഹത്തിനായി 30 ലക്ഷം രൂപ ചെലവഴിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി പങ്കുവെച്ച വീഡിയോ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
സമൂഹം ഇത്തരം കാര്യങ്ങൾ സാധാരണവൽക്കരിച്ചതുകൊണ്ട് മാത്രമാണ് കേവലം കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി താൻ 30 ലക്ഷം രൂപ ചെലവഴിക്കാൻ നിർബന്ധിതയാകുന്നതെന്ന് പ്രണതി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറയുന്നു.
“എന്റെ വിവാഹത്തിനായി ഞാൻ 30 ലക്ഷം രൂപ ചെലവഴിക്കാൻ പോകുന്നു, അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും. കാരണം, 20-കളിൽ നിൽക്കുന്ന ഒരാൾ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഒരു ദിവസത്തെ ആഘോഷത്തിനായി മാറ്റിവെക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” പ്രണതി പറഞ്ഞു.
“30 ലക്ഷം രൂപ എന്നത് ഒരു വിവാഹ ബജറ്റ് മാത്രമല്ല. അത് ഒരു വീട് വാങ്ങാനുള്ള ഡൗൺ പേയ്‌മെന്റാണ്, അല്ലെങ്കിൽ ഒരു ബിസിനസിലെ ആദ്യ നിക്ഷേപമാണ്, അതുമല്ലെങ്കിൽ ദീർഘകാല നിക്ഷേപങ്ങളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്ന തുകയാണ്. പ്രത്യേകിച്ച് ഒരു സ്ത്രീയെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. എന്നാൽ സമൂഹത്തെ തൃപ്തിപ്പെടുത്താൻ എനിക്ക് ഇത് ചെയ്യേണ്ടി വരുന്നു.”
ഈ തുക സമ്പാദിച്ചുവെച്ചാൽ ഒരാളുടെ ജീവിതഗതി തന്നെ മാറ്റാൻ കഴിയുന്ന പല തീരുമാനങ്ങൾക്കും അത് സഹായകരമാകുമെന്ന് അവർ വാദിക്കുന്നു.
“ഇഷ്ടപ്പെടാത്ത ജോലി ഉപേക്ഷിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഈ പണം സഹായിക്കും. മോശമായ ഒരു ബന്ധത്തിൽ നിന്ന് മാറിനിൽക്കാനും, സ്വന്തം ഇഷ്ടപ്രകാരം കരിയറിൽ ഇടവേളകൾ എടുക്കാനും ഈ സമ്പാദ്യം ധൈര്യം നൽകും. മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു പരിപാടിക്കായി 20-കളിൽ നമ്മൾ സമ്പാദിക്കുന്ന ഏറ്റവും വലിയ തുക ചെലവഴിക്കുന്ന രീതി നമ്മൾ സാധാരണവൽക്കരിച്ചിരിക്കുകയാണ്.”
“നമ്മൾ ജനിച്ചപ്പോൾ തന്നെ മാതാപിതാക്കൾ ഈ തുക നിക്ഷേപിക്കാൻ തുടങ്ങിയിരുന്നെങ്കിൽ എന്ന് ആലോചിച്ചുനോക്കൂ. നമുക്ക് 25 വയസ്സാകുമ്പോഴേക്കും അവർ ഒരു വിവാഹം മാത്രമല്ല നടത്തിത്തരുന്നത്, മറിച്ച് സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ് നൽകുന്നത്. വിവാഹങ്ങൾ ഓർമ്മകൾ സമ്മാനിക്കുമ്പോൾ, സമ്പത്ത് നമുക്ക് മികച്ച അവസരങ്ങളും തെരഞ്ഞെടുപ്പുകളും നൽകുന്നു. ഇ രണ്ടിലൊന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ എപ്പോഴും സ്വാതന്ത്ര്യമേ തെരഞ്ഞെടുക്കൂ. അതുകൊണ്ട് ആഡംബര വിവാഹങ്ങളോട് ഞാൻ നോ പറയുന്നു,” പ്രണതി വ്യക്തമാക്കി.
വീഡിയോ തരംഗമായതോടെ സോഷ്യൽ മീഡിയയിൽ മിശ്രപ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഒരു വിഭാഗം ആളുകൾ പ്രണതിയുടെ അഭിപ്രായത്തെ പൂർണ്ണമായി പിന്തുണച്ചപ്പോൾ, വിവാഹം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യമായതിനാൽ അതിനായി പണം ചെലവഴിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
“ഒടുവിൽ ഒരാളെങ്കിലും ഈ വിഷയം തുറന്നുപറഞ്ഞു,” എന്ന് ഒരാൾ കുറിച്ചപ്പോൾ, “30 ലക്ഷത്തിൽ വലിയൊരു തുക സ്വർണ്ണത്തിലാണ് നിക്ഷേപിക്കുന്നത്, സ്വർണ്ണം മൂല്യം കുറയുന്ന ഒരു സ്വത്തല്ല,” എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു.
“ഞാനൊരു വെഡ്ഡിംഗ് പ്ലാനറാണ്, എനിക്ക് ഈ പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കാൻ കഴിയും. നിങ്ങളുടെ വിവാഹം നിങ്ങൾക്കും പങ്കാളിക്കും മാതാപിതാക്കൾക്കും അനുയോജ്യമായ രീതിയിലായിരിക്കണം. വെറുതെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്യേണ്ടതില്ല,” എന്ന് മറ്റൊരാൾ കുറിച്ചു.
എന്നാൽ, “ഒരു വർഷത്തെ ശമ്പളം വിവാഹത്തിനായി ചെലവഴിക്കുന്നതിൽ തെറ്റില്ല, കാരണം പണം പിന്നീട് എപ്പോൾ വേണമെങ്കിലും സമ്പാദിക്കാം. എന്നാൽ വിവാഹം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നാണ്. ഈ യുക്തിവെച്ചു നോക്കിയാൽ നമ്മൾ നടത്തുന്ന യാത്രകളും അനുഭവങ്ങളും സാമ്പത്തികമായി ലാഭകരമല്ലെന്ന് പറയേണ്ടിവരും,” എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.




