Sports

ലോകകപ്പ് നേടിയ യൂറോപ്പിലെ മുഴുവന്‍ ടീമിനെയും പൊട്ടിച്ചു; പെനാല്‍റ്റിപോലും അടിപ്പിക്കാതെ സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടു

മ്യൂണിക്: യൂറോപ്പില്‍ നിന്നും ലോകകപ്പ് നേടിയ മുഴുവന്‍ ടീമുകളും സ്‌പെയിന്റെ അടിവാങ്ങിയ ജര്‍മ്മനി 2024 ല്‍ കപ്പില്‍ മുത്തമിടാനുള്ള ഇംഗ്‌ളണ്ടിന്റെ മോഹങ്ങള്‍ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും തിരിച്ചടി നേരിട്ടു. നിര്‍ണ്ണായകമായ കലാശപ്പോരില്‍ ഇംഗ്‌ളണ്ടിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വീഴ്ത്തി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്ന സ്‌പെയിന്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കപ്പുമായി മടങ്ങി.

സ്‌പെയിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ യൂറോയായിരുന്നു ഇത്. തുടര്‍ച്ചയായി ഏഴു കളികളാണ് സ്‌പെയിന്‍ ഫൈനല്‍ സഹിതം ജയിച്ചുകയറിയത്. എല്ലാ മത്സരങ്ങളിലും സാധാരണ സമയത്ത് തന്നെ റിസള്‍ട്ട് കണ്ടെത്താന്‍ സ്‌പെയിനു കഴിഞ്ഞു. ഒരു മത്സരം പോലും അവര്‍ ഷൂട്ടൗട്ടില്‍ എത്തിച്ചില്ല. മാത്രമല്ല. ലോകകപ്പ് നേടിയ യൂറോപ്പിലെ മുഴുവന്‍ ടീമിനെയും അവര്‍ തോല്‍പ്പിക്കുകയും ചെയ്തു. ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്‌ളണ്ട്, 2018 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ തുടങ്ങി വമ്പന്മാരെല്ലാം യുറോയുടെ ഈ പതിപ്പില്‍ സ്‌പെയിന്റെ കൈക്കരുത്ത് അറിഞ്ഞു.

സ്പാനിഷ് ടീമിലെ പയ്യന്മാരായ യമാലിനും വില്യംസിനും ഇതിനേക്കാള്‍ നല്ല ജന്മദിനസമ്മാനം നല്‍കാനില്ല. വെള്ളിയാഴ്ച 22 ാം ബര്‍ത്തഡേ ആഘോഷിച്ച വില്യംസ് ഫൈനലില്‍ ഗോള്‍ സ്‌കോററായപ്പോള്‍ ശനിയാഴ്ച,ഫൈനലിന്റെ തലേന്ന് 17 ാം ജന്മദിനം ആഘോഷിച്ച യമാലാകട്ടെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി. ടീം കപ്പുയര്‍ത്തിയത് രണ്ടുപേര്‍ക്കുമുള്ള ടീമിന്റെ സമ്മാനവുമായി. സ്‌പെയിന്റെ റോഡ്രി പ്‌ളേയര്‍ ഓഫ് ദി ടൂര്‍ണമെന്റായപ്പോള്‍ 17 കാരന്‍ യമാല്‍ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി. ഡാനി ഒല്‍മോ മൂന്ന് ഗോള്‍നേടി ഇംഗ്‌ളീഷ് നായകന്‍ കീനുമായി ഗോള്‍ഡന്‍ബൂട്ട് പങ്കുവെച്ചു. സ്‌പെയിന് വേണ്ടി നിക്കോ വില്യംസും മികേല്‍ ഒയാര്‍സബലും ആയിരുന്നു ഗോള്‍നേട്ടമുണ്ടാക്കിയത്. പക്ഷേ കോള്‍ പാല്‍മറിലൂടെ ഇംഗ്‌ളണ്ട് ഒരു ഗോള്‍ മടക്കി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ ഇംഗ്‌ളണ്ട് തോല്‍ക്കുന്നത്. 2020 അവര്‍ ഇറ്റലിയോട് തോറ്റിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടുഗോളുകളും വന്നത്. 47 ാംമിനിറ്റില്‍ നിക്കോ വില്യംസ് ടീമിനെ ആദ്യം മുന്നിലെത്തിച്ചിരുന്നു. യമല്‍-വില്യംസ് കോംബോ ലാ റോജയ്ക്ക് ലീഡ് നല്‍കി. നിരാശാജനകമായ ആദ്യ പകുതിക്ക് ശേഷം യമല്‍ വീണ്ടും ഫുട്‌ബോള്‍ മൈതാനത്തെ പ്രകാശിപ്പിച്ചു. ഇംഗ്ലീഷ് പ്രതിരോധത്തിലേക്ക് തുളച്ചുകയറി അദ്ദേഹം നല്‍കിയ പന്ത് വില്യംസിന് വലയില്‍ എത്തിക്കാന്‍ ആവശ്യത്തിന് സ്‌പേസ് ഉണ്ടായിരുന്നു.

രണ്ടാംപകുതി 73 മിനിറ്റ് പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് ഒപ്പമെത്തി. പാല്‍മര്‍ ഹീറോയായി മാറി. ബോക്സിനുള്ളില്‍ ബെല്ലിംഗ്ഹാമില്‍ നിന്നും പന്ത് പിടിച്ചെടുത്ത സാക്ക പന്തെടുത്ത് ബോക്‌സിലേക്ക് ഓടിക്കയറിയ പാമറിന് നല്‍കി. ബോക്സിന്റെ അരികില്‍ നിന്ന് എടുത്ത ഫസ്റ്റ് ടച്ച് തന്നെ മനോഹരമായ ഒരു സ്‌ട്രൈക്കിലൂടെ വലയുടെ ഇടത് മൂലയില്‍ നിക്ഷേപിച്ചു. എന്നാല്‍ ഈ ഗോളിന്റെ ആഹ്‌ളാദത്തിന് 13 മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 86 ാം മിനിറ്റില്‍ ഇംഗ്‌ളണ്ടിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ഒയാഴ്‌സബല്‍ വഴി സ്‌പെയിന്റെ വിജയഗോള്‍ വന്നു. സ്പാനിഷ് നിരയുടെ ഒരു ആസൂത്രിത നീക്കത്തിനൊടുവില്‍ ഇടത് വിംഗില്‍ കുതിച്ചുവന്ന കുക്കുറെല്ലയിലേക്ക് പന്തു വന്നു. ഓടിയെത്തിയ അദ്ദേഹം തന്റെ ആദ്യ ശ്രമത്തില്‍ തന്നെ അത് ബോക്‌സിലേക്ക് നല്‍കി. ഗോളിയെ മറികടന്ന ഒയാര്‍സബാലിന് പന്തില്‍ സ്പര്‍ശിച്ചാല്‍ മാത്രം മതിയായിരുന്നു.