Sports

ലോകകപ്പ് ഫുട്‌ബോള്‍ ഒരു നൂറ്റാണ്ടിന് ശേഷം തറവാട്ടിലേക്ക്; 2030 ല്‍ ആറു രാജ്യങ്ങളിലായി നടക്കും

ഒരു നൂറ്റാണ്ടിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. ഇതാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലും ആറ് രാജ്യങ്ങളിലുമായി നടക്കാന്‍ പോകുന്ന 2030 ലെ ലോകകപ്പിന് ഉറുഗ്വായന്‍ നഗരമായ മോണ്ടിവീഡിയോ ആതിഥേയത്വം വഹിക്കും. 1930 ല്‍ ഉദ്ഘാടന ലോകകപ്പ് നടന്ന വേദിയിലേക്കാണ് 2030 ലെ ലോകകപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. ലോകകപ്പ് സെഞ്ച്വറി ആഘോഷിക്കുന്ന വേളയില്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ആറു രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ഫിഫ ഉറുഗ്വേയ്ക്ക് വേദി നല്‍കിയത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവ ഉദ്ഘാടന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് ലോക ഫുട്ബോള്‍ ബോഡി ഫിഫ ബുധനാഴ്ച നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനത്തിലാണ് അറിയിച്ചിരിക്കുന്നത്.

മൊറോക്കോ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളായിരിക്കും 2030 ഫുട്ബോള്‍ ലോകകപ്പിന്റെ ഔദേ്യാഗിക ആതിഥേയര്‍.1930ലെ ഉദ്ഘാടന ലോകകപ്പ് ഉറുഗ്വേയില്‍ നടന്നു, മോണ്ടെവീഡിയോയില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ആതിഥേയര്‍ കപ്പടിക്കുകയും ചെയ്തു. വനിതാ ലോകകപ്പില്‍ കപ്പടിച്ച സ്‌പെയിന്റെ താരം ജെന്നി ഹെര്‍മോസോയുടെ ചുണ്ടില്‍ ചുംബിച്ചതിനെ തുടര്‍ന്ന് അപമാനിക്കപ്പെട്ട മുന്‍ ഫുട്‌ബോള്‍ ചീഫ് ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സ്പെയിനിന് ലോകകപ്പ് ലഭിച്ചത്.

അടുത്തവര്‍ഷം ആതിഥേയരെ പ്രഖ്യാപിക്കാനിരിക്കെ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത ബിഡ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഏക സ്ഥാനാര്‍ത്ഥിയാണെന്ന് ഫിഫ പറഞ്ഞു. അതായത് അര്‍ദ്ധഗോളത്തെ അടിസ്ഥാനമാക്കി വിവിധ സീസണുകളില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ നടത്തേണ്ടി വരും. ആദ്യ ലോകകപ്പിന്റെ ചരിത്രം കണക്കിലെടുത്ത്, ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയില്‍ ഒരു അദ്വിതീയ ശതാബ്ദി ആഘോഷ ചടങ്ങുകള്‍ നടത്താനും ഉറുഗ്വേയില്‍ മൂന്ന് ലോകകപ്പ് മത്സരങ്ങള്‍ നടത്താനും ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായി സമ്മതിക്കുകയായിരുന്നു. ഖത്തറില്‍ നടന്ന 2022 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് അര്‍ജന്റീന.