ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പാ യിലെത്തിയ ആറംഗ ഗുണ്ടാ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയാണ് തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്.
തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിൻ’ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ സ്പാ യിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. തുടർന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്.
ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേർ ചേർന്നു ബലമായി ഉപദ്രവിച്ചു. പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലെ സ്പാ ബെഡിലേക്കു തള്ളിയിട്ട് കഴുത്തിൽ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് സ്പാ യിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി
വേറൊരു ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 2500 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പൊലീസ് വിവരമറിയുന്നത്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ പരാതി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് 3-ാം തീയതി പൊലീസ് കേസെടുത്തു. തുടർന്ന് തിരുവല്ല കുറ്റപ്പുഴ സ്വദേശിയും കാപ്പാകേസ് പ്രതിയുമായ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (മരണ സുബിന്‍-27), മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നുപ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
തുടക്കത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സ്പായില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍
പുറത്തുവന്നതോടെ പോലീസ് വെട്ടിലായി. സ്പായിലേക്കു കടന്നുവരുന്ന ഗുണ്ടാസംഘം സ്ത്രീകളെ അപമാനിക്കുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയാണ് റൗഡി ലിസ്റ്റില്‍പെട്ട സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്. ബെര്‍ലിന്‍ ദേഹോപദ്രവക്കേസില്‍ പ്രതിയാണ്.




