Crime

‘ഒന്നു കുളിച്ചു വസ്ത്രം മാറിയാല്‍ മതി’; ബലാത്സംഗത്തിനിരയായ കുട്ടിയോട് ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടി

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സൗത്ത് ഏഷ്യന്‍ സര്‍വകാശാലാ കാമ്പസിനുള്ളില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റിനെതിരെയും നടപടി. ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കുകയും സഹായിയ്ക്ക് സസ്പെന്‍ഷന്‍ നല്‍കുകയും ചെയ്തു. നാലു ദിവസത്തോളമായുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയ്ക്കെതിരേയും അസിസ്റ്റന്റ് അനുപമ അറോറയ്ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചതിനിടെയാണ് നടപടി.

പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്നും ആശുപത്രിയില്‍ പോകണമെന്നും പൊലീസില്‍ പരാതി നല്‍കണമെന്നും പറ‍ഞ്ഞപ്പോള്‍ ഒന്നു കുളിച്ചു വസ്ത്രം മാറിയാല്‍ മതിയെന്നും, അതോടെ എല്ലാം ശരിയാകുമെന്നുമായിരുന്നു അനുപമയുടെ മറുപടി. അതേസമയം സംഭവത്തെക്കുറിച്ച് അമ്മയുടെ വാട്സാപ് നമ്പറിലേക്ക് മകള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടായി, സ്വയം മുറിവേൽപിക്കാൻ ശ്രമിച്ചുവെന്നുമാണ് അനുപമ സന്ദേശമയച്ചത്. അമ്മ വീഡിയോ കോളിൽ വിളിച്ചപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ചു കൃത്യമായി വിശദീകരിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

പിടിവലിയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിയ കാര്യം പറഞ്ഞപ്പോൾ, ബ്ലേഡ് കൊണ്ടു തനിയെ കീറിയതാണെന്നേ തോന്നൂ എന്നായിരുന്നു അനുപമയുടെ പ്രതികരണം. സംഭവ സ്ഥലത്തേക്ക് പെൺകുട്ടി പോയത് പരിചയമുള്ള ആരുടെയെങ്കിലും കൂടെയായിരിക്കും, അല്ലാതെ പെൺകുട്ടികൾ തനിച്ച് ഇങ്ങനെ ഇറങ്ങിനടക്കില്ലെന്ന് അവർ കുറ്റപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.

ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഞായറാഴ്ച്ച വൈകിട്ടാണ് നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. 13നു വാർ‍ഡൻ റിങ്കു ദേവി സർവകലാശാല റജിസ്ട്രാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലും പെൺകുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായി എന്നാണു വിശേഷിപ്പിച്ചത്. ‌പരാതിയെത്തുടർന്ന് സർവകലാശാലയിലെ 70 സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്തെന്നു പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തും പരിസരത്തുമുള്ള സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.