കായംകുളം: കായംകുളത്ത് പിതാവിനെ അതിക്രൂരമായി യുവഅഭിഭാഷകന്‍ വെട്ടിക്കൊന്നത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ്. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ജങ്‌ഷന്‍ പീടികച്ചിറയില്‍ അഡ്വ. നവജിത്താ(30) ണ് പിതാവ് നടരാജനെ വെട്ടിക്കൊന്നത്. നവജിത്തിന്റെ വെട്ടേറ്റ അമ്മ സിന്ധു ഗുരുതരാവസ്‌ഥയിലാണ്.
പ്രസവത്തിനായി ഭാര്യയെ അവരുടെ വീട്ടിലാക്കി ആഘോഷിക്കാന്‍ ഇറങ്ങിയ നവജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത് ലഹരിയില്‍ ലക്കുകെട്ടായിരുന്നു. യുവതിയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുകയായിരുന്നു. മദ്യത്തിനൊപ്പം രാസലഹരിയും നവജിത്ത് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് നവജിത്ത് എറണാകുളത്തേക്കു പുറപ്പെട്ടത്. ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും അമിതമായി മദ്യപിച്ച് ഇയാള്‍ ലക്കുകെട്ടിരുന്നു. ഇതിനിടെ സുഹൃത്ത് നല്‍കിയ രാസലഹരിയും ഉപയോഗിച്ചതോടെ സമനില തെറ്റിയ അവസ്‌ഥയിലായി. സുഹൃത്തുക്കള്‍ക്കൊപ്പമാണ് നവജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത്.
മാതാപിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇയാള്‍ അക്രമാസക്‌തനാകുമെന്നു ഭയന്ന് സഹോദരി നിധിമോളും ബന്ധുക്കളും ചേര്‍ന്നു മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടി. പ്രശ്‌നങ്ങള്‍ ഒഴിവായെന്നുകരുതി സഹോദരിയും ബന്ധുക്കളും മടങ്ങി. പക്ഷേ, പിന്നാലെ സംഭവിച്ചത് കൊടുംപാതകമായിരുന്നു.
മകന് ഭക്ഷണം കൊടുക്കാനായി അമ്മ സിന്ധു മുറിയുടെ വാതില്‍ തുറന്നു. വെട്ടുകത്തിയുമായി പുറത്തേക്കോടിയിറങ്ങിയ നവജിത്ത് അമ്മയെ വെട്ടി. തടയാനെത്തിയ അച്‌ഛന്‍ നടരാജനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഉന്നതവിദ്യാഭ്യാസമുള്ളവരാണ് കുടുംബാംഗങ്ങള്‍. പ്രതിയുടെ സഹോദരന്‍ നിധിന്‍ രാജും സഹോദരി നിധിമോളും ആയുര്‍വേദ ഡോക്‌ടര്‍മാരാണ്. നിധിന്‍ ബംഗളുരുവിലും നിധി ആലപ്പുഴയിലുമാണ് ജോലി ചെയ്യുന്നത്.
മാതാപിതാക്കളുമായുള്ള പ്രശ്‌നങ്ങളാകാം നവജിത്തിനെ കൊടുംക്രൂരതയിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. കോയമ്പത്തൂരില്‍ പരീക്ഷ എഴുതാന്‍ അയച്ചതിന് പ്രതിക്ക് മാതാപിതാക്കളോടു കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പറയുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമായതിനാല്‍ പണം സംബന്ധിയായ വിഷയങ്ങളാകില്ല കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.




