Sports

പുറത്താകാതെ രണ്ടു ബാറ്റര്‍മാര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ; രഞ്ജിട്രോഫി യിലെ ഏറ്റവും വലിയ കൂട്ടുകെട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമൊന്നും പേരു കേട്ടിട്ടില്ലെങ്കിലും ഗോവയുടെ സ്നേഹല്‍ കൗതങ്കറും കശ്യപ് ബക്ലെയും ഇന്ത്യയുടെ ആഭ്യന്തരക്രിക്കറ്റില്‍ ചരിത്രമെഴുതിയിരിക്കുകയാണ്. ഇരുവരും ട്രിപ്പിള്‍ സെഞ്ച്വറികള്‍ കുറിച്ച മത്സരത്തില്‍ പിറന്നത് രഞ്ജിക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു. കൗത്താങ്കര്‍ 215 പന്തില്‍ 314 റണ്‍സ് നേടിയപ്പോള്‍ ബക്‌ളെ 269 പന്തില്‍ 300 റണ്‍സടിച്ചു.

രണ്ടുപേരും പുറത്തായിട്ടുമില്ല. അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ഇരുവരും ചേര്‍ന്നടിച്ചത് 606 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടായിരുന്നു. ഈ മഹത്തായ കൂട്ടുകെട്ട് ഗോവയെ 727/2 എന്ന ഒന്നാം ഇന്നിംഗ്സ് സ്‌കോറിലേക്ക് നയിച്ചു, അരുണാചല്‍ പ്രദേശിനെക്കാള്‍ 643 റണ്‍സിന്റെ ലീഡ്. അരുണാചലാകട്ടെ ആദ്യ ഇന്നിംഗ്സില്‍ 84 റണ്‍സിന് പുറത്തായി.

കൗത്താങ്കറിന്റെ 314* റണ്‍സ് വെറും 215 പന്തില്‍ നിന്നാണ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിയായി ഇത് മാറി. 43 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ്, കഴിഞ്ഞയാഴ്ച മിസോറാമിനെതിരെയും തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ വേഗമേറിയ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഹൈദരാബാദിന്റെ തന്‍മയ് അഗര്‍വാളിനെയാണ കൗത്താങ്കര്‍ പിന്നിലാക്കിയത്.

മറുവശത്ത്, ബക്ലെ 269 പന്തില്‍ തന്റെ ട്രിപ്പിള്‍ സെഞ്ച്വറി നേടി, ഇത് ഒരു ഇന്ത്യക്കാരന്റെ മൂന്നാമത്തെ വേഗമേറിയ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറിയായി. 39 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. മൂന്നാം വിക്കറ്റില്‍ കൗത്താങ്കര്‍-ബാക്ലെ സഖ്യം ചേര്‍ന്ന് 606 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രഞ്ജി ട്രോഫി റെക്കോര്‍ഡ് മറികടന്നു. 2016-17 സീസണില്‍ ഡല്‍ഹിക്കെതിരെ മഹാരാഷ്ട്രയുടെ സ്വപ്നില്‍ സുഗലെയും അങ്കിത് ബവാനെയും ചേര്‍ന്ന് നേടിയ 594 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ടാണ് മറികടന്നത്.