ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതു സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതിയുടെ സുഹൃത്തും നടനുമായ വിദ്യാൻ മാനെ . പലാശ് സ്മൃതിയെ വഞ്ചിച്ചെന്നും മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പറയിൽ വച്ച് കയ്യോടെ പിടിക്കപ്പെട്ടെന്നും മാനെ വെളിപ്പെടുത്തി. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങൾ പലാഷിനെ മർദിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. പലാഷിന്റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണെന്നും സ്മൃതിയെ വിവാഹം കഴിച്ച് സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്ന് കരുതിയ പലാശ് വഞ്ചനയാണ് കാണിച്ചതെന്നും വിദ്യാൻ കുറ്റപ്പെടുത്തി.
2025 നവംബർ 23-നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്മൃതിയുടെ പിതാവിന് അസുഖം ബാധിച്ചതായി അറിയിച്ച് ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു. എന്നാൽ യഥാർത്ഥ കാരണം പലാഷിന്റെ ചതിയാണെന്ന തരത്തിൽ അന്നുതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒടുവിൽ ഡിസംബറിൽ താൻ വിവാഹത്തിൽ നിന്ന് പിന്മാറിയതായി സ്മൃതി തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വിവാഹ വിവാദത്തിന് പുറമെ പലാശിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും വിദ്യാൻ മാനെ ഉന്നയിച്ചിട്ടുണ്ട്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലാശ് തന്നിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിദ്യാൻ പോലീസിൽ നൽകിയ പരാതി. സിനിമയുടെ റിലീസിനായി പലാഷിന്റെ അമ്മ അമിത മുച്ഛൽ ഒന്നരക്കോടി രൂപ കൂടി ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ തന്നെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. പലാഷിന്റെ കുടുംബം തന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും സിനിമയിലെ മറ്റ് താരങ്ങൾക്കും പണം ലഭിക്കാനുണ്ടെന്നും വിദ്യാൻ ആരോപിച്ചു. ഇതിന്റെയെല്ലാം തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് പലാശ് മുച്ഛലിന്റെ പ്രതികരണം. തന്നെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പലാശ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. തന്റെ അഭിഭാഷകൻ ശ്രേയാൻഷ് മിത്രെ വഴി നിയമപരമായ പോരാട്ടം തുടരുമെന്നും പലാശ് വ്യക്തമാക്കിയിട്ടുണ്ട്.




