Health

ശീലങ്ങളില്‍ ചെറിയ മാറ്റം വരുത്താം ; നെഞ്ചെരിച്ചില്‍ വരുതിയിലാക്കാം

നെഞ്ചെരിച്ചില്‍ പലപ്പോഴും നമുക്ക് വരാറുണ്ട്. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നമ്മുടെ ശീലങ്ങളില്‍ ചെറിയ മാറ്റം വരുത്തുന്നതിലൂടെയും വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില കാര്യങ്ങളിലൂടെയും നെഞ്ചെരിച്ചില്‍ വരുതിയിലാക്കാം……

* ഫുഡ് ചാര്‍ട്ട് തയാറാക്കാം  – ഏതെല്ലാം ഭക്ഷണം കഴിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്താന്‍ ഒരു ഫുഡ് ചാര്‍ട്ട് തയാറാക്കുക.  നെഞ്ചെരിച്ചിലിന് കാരണമാകുന്ന ഭക്ഷണവിഭവങ്ങള്‍ പരിമിതപ്പെടുത്താം.

* ചെറിയ അളവില്‍ പതിയെ കഴിക്കാം – വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവില്‍ പല സമയങ്ങളിലായി ആവശ്യത്തിന് ഭക്ഷണം ഉള്ളിലെത്തിക്കാന്‍ ശ്രമിക്കാം. കഴിക്കുമ്പോള്‍ നന്നായി ചവച്ചരച്ച് പതിയെ കഴിക്കാനും ശ്രമിക്കേണ്ടതാണ്.

* നേരത്തെ കഴിക്കാം – കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. നിറഞ്ഞ വയറുമായി കിടക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം.

* പഴുത്ത പഴം കഴിക്കാം – നന്നായി പഴുത്ത പഴം കഴിക്കുന്നത് വയറിലെ ആസിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പൊട്ടാസ്യം വയറിലെത്തിക്കുന്നു.

* ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കാം – ഇറുകിയ വസ്ത്രങ്ങള്‍, ബെല്‍റ്റ്, അടിവസ്ത്രങ്ങള്‍ എന്നിവ വയറിന് സമ്മര്‍ദമേറ്റുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം. ഇതിനാല്‍ ഇവയെല്ലാം ഒഴിവാക്കി അയവുള്ള വസ്ത്രങ്ങള്‍ ധരിക്കണം.

* അനുയോജ്യമായ കിടപ്പ് രീതി – ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ ഇടത് വശം ചേര്‍ന്ന് കിടക്കുന്നത് ദഹനത്തെ സഹായിക്കുകയും ആസിഡ് റീഫ്‌ലക്‌സ് നിയന്ത്രിക്കുകയും ചെയ്യും. തലയും നെഞ്ചും കാലിനെക്കാള്‍ ഉയരത്തില്‍ വയ്ക്കാനും ശ്രദ്ധിക്കണം.

* പുകവലി ഉപേക്ഷിക്കാം – പുകവലി ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കുമെന്നതിനാല്‍ ഇതും വയറില്‍ ആസിഡ് രൂപീകരിക്കാന്‍ കാരണമാകും. ഇതിനാല്‍ പുകവലി പൂര്‍ണമായും നിര്‍ത്തണം.

* സമ്മര്‍ദം ഒഴിവാക്കുക – സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെല്ലാം ദഹനസംവിധാനത്തെ താളം തെറ്റിച്ച് നെഞ്ചെരിച്ചിലിന് കാരണമാകും. ഇതിനാല്‍ സമ്മര്‍ദരഹിതമായ ജീവിതം നയിക്കാന്‍ ശ്രമിക്കണം.

* ഭാരം കുറയ്ക്കാം – അമിതവണ്ണമുള്ളവര്‍ ഭാരം കുറയ്ക്കുന്നതും നെഞ്ചെരിച്ചില്‍ മാറാന്‍ സഹായിക്കും. അമിതമായ കൊഴുപ്പ് വയറില്‍ സമ്മര്‍ദം ഏല്‍പ്പിക്കുന്നത് നെഞ്ചെരിച്ചിലിലേക്ക് നയിക്കാം. 

Leave a Reply

Your email address will not be published. Required fields are marked *