അങ്കമാലി: അമ്മൂമ്മയോടൊപ്പം കിടന്ന ആറു മാസം പ്രായമായ പെണ്‍കുഞ്ഞു കഴുത്തു മുറിഞ്ഞു കൊല്ലപ്പെട്ട നിലയില്‍. ചെല്ലാനം സ്വദേശി ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും എടക്കുന്ന് പയ്യപ്പിള്ളി വീട്ടില്‍ റൂത്തിന്റെയും മകള്‍ ഡല്‍നാ മരിയ സാറയാണു കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസിലിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ അസ്വാഭാവികമാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലുമാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴുത്തിനു മുറിവേറ്റ നിലയിലാണ് കറുകുറ്റി അപ്പോള ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കഴുത്ത് വേര്‍പ്പെടാവുന്ന രീതിയില്‍ മുറിവേറ്റതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അങ്കമാലി പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വീട് പൂട്ടി സില്‍ ചെയ്തു. കുട്ടിയുടെ അച്ഛന്റെയും അപ്പൂപ്പന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മൂമ്മയെ ഉടനെ പോലീസ് ചോദ്യംചെയ്യും.
ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. കുട്ടിയ്ക്ക് പാല്‍ കൊടുത്തതിനു ശേഷം അമ്മ റൂത്ത് കുട്ടിയെ അമ്മൂമ്മ റോസിയുടെ അടത്ത് കിടത്തി അടുക്കളയില്‍ പോയി. തിരിച്ച് വന്നപ്പോഴാണ് കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
കൊലപാതകം നടത്തിയ റോസിലിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മാനസിക വിഭ്രാന്തിയാണ് കൊലയ്ക്ക് പിന്നിലെ പ്രധാന പ്രേരണയെന്നാണ് നിലവിലെ നിഗമനം. എങ്കിലും, മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വിഷാദത്തിനു മരുന്നു കഴിക്കുന്ന അമ്മൂമ്മ റോസിയെ അമിതമായി മരുന്ന് കഴിച്ച് അവശയായതിനെത്തുടര്‍ന്ന് ഇപ്പോള്‍ മൂക്കന്നൂര്‍ എം.ജി.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സാഹചര്യത്തെളിവുകളുടെയും ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.
ആന്റണിയുടെയും റൂത്തിന്റെയുംമൂത്ത കുട്ടി ഡാനിയുടെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പിഞ്ചു കുഞ്ഞിന്റെ മരണം.കുട്ടിയുടെ പിതാവ് ആന്റണിക്ക് പെയിന്റിങ് ജോലിയാണ്. കളമശേരി മെഡിക്കല്‍ കോളജിലെ പോസ്്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും.




