Crime

തന്ത്രി രാജീവരുടെ വീട്ടില്‍ എട്ടുമണിക്കൂർ നീണ്ട എസ്‌.ഐ.ടി. പരിശോധന; രേഖകൾ പിടിച്ചെടുത്തു

ചെങ്ങന്നൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരുടെ അറസ്‌റ്റിനു പിന്നാലെ, അദ്ദേഹത്തിന്റെ വസതിയായ മുണ്ടന്‍കാവിലെ താഴമണ്‍മഠത്തില്‍ എസ്‌.ഐ.ടി. പരിശോധന പൂർത്തിയായി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.50-ന്‌ വന്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ എസ്‌.ഐ.ടി. സംഘമെത്തിയത്‌. എട്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എസ്‌ഐടി സംഘം മടങ്ങിയത്.

ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണസംഘം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. വീട്ടിൽനിന്ന് ഇത്തരം ചില രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.

ഇരുനിലവീട്ടിലെ ഓരോ മുറിയിലും ഔട്ട്‌ഹൗസിലും പരിശോധന നടത്തി. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും സ്വര്‍ണ ഉരുപ്പടികളും പ്രമാണങ്ങളും പരിശോധിച്ചതായാണ്‌ സൂചന. പരിശോധനയ്‌ക്കിടെ, ജോലി കഴിഞ്ഞെത്തിയ അഭിഭാഷകയായ തന്ത്രിയുടെ മരുമകള്‍ അദ്രിജയെ വീടിനുള്ളിലേക്ക്‌ പോലീസ്‌ കയറ്റിയില്ല. തുടര്‍ന്ന്‌ അവര്‍ സമീപത്തുതന്നെയുള്ള രാജീവരുടെ സഹോദരന്‍ തന്ത്രി കണ്‌ഠര്‌ മോഹനരുടെ വീട്ടിലേക്കു പോയി. ഉന്നതോദ്യോഗസ്‌ഥരുടെ നിര്‍ദേശപ്രകാരം അദ്രിജയെ പിന്നീട്‌ വീട്ടില്‍ പ്രവേശിപ്പിച്ചു.

പരിശോധനയ്‌ക്കിടെ അപ്രൈ സറെയും വിളിച്ചുവരുത്തി. അപ്രൈസറുടെ സാന്നിധ്യത്തില്‍ സ്വര്‍ണ ഉരുപ്പടികളുടെ തൂക്കവും മൂല്യവും നിര്‍ണയിച്ചു. വീട്ടിലുള്ളവർ ഉപയോഗിക്കുന്ന സ്വർണത്തിന്റെ പഴക്കവും മൂല്യവും കണക്കാക്കി, ഇവ എവിടെനിന്ന് ലഭിച്ചു എന്നുൾപ്പെടെ വിശദമായ പരിശോധനയാണ് നടന്നത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അമ്പേഷിക്കുന്നത്.

എസ്‌.ഐ.ടി. പരിശോധയ്‌ക്കെത്തുമ്പോള്‍ വീട്ടില്‍ തന്ത്രിയുടെ ഭാര്യയും മകളും ചില ഉറ്റബന്ധുക്കളും തന്ത്രിയുടെ സഹായിയായ ഇ.എം.എസ്‌. നമ്പൂതിരിയും ജോലിക്കാരുമാണുണ്ടായിരുന്നത്‌. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടായിരുന്നു പരിശോധന .