Featured Sports

ആന്തരിക രക്‌തസ്രാവം; ശ്രേയസ്‌ അയ്യരെ ഐ.സി.യുവില്‍നിന്ന്‌ മാറ്റി

പരുക്കേറ്റ്‌ ആശുപ്രതിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രേയസ്‌ അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണു ശ്രേയസ്‌ അയ്യര്‍ക്കു പരുക്കേറ്റത്‌. പ്ലീഹയ്‌ക്ക്‌ പരുക്കേറ്റ ശ്രേയസിന്‌ ആന്തരിക രക്‌തസ്രാവമുണ്ടായെങ്കിലും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ ടീം ഡോക്‌ടര്‍ റിസ്വാന്‍ ഖാന്‍ താരത്തിനൊപ്പമുണ്ട്‌. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ അലക്‌സ്‌ കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ നെഞ്ചിടിച്ചു വീണാണ്‌ ശ്രേയസിന്‌ പരുക്കേറ്റത്‌. ഇടതു വാരിയെല്ലിന്‌ സമീപം കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍നിന്നു പിന്‍വലിച്ചിരുന്നു. ഡ്രസിങ്‌ റൂമിലെത്തിച്ചപ്പോള്‍ രക്‌തസമ്മര്‍ദം താഴ്‌ന്നതായി കണ്ടു. തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ ആന്തരിക രക്‌തസ്രാവം കണ്ടെത്തിയത്‌. സ്‌കാനിങ്ങില്‍ പ്ലീഹയ്‌ക്ക്‌ പരുക്കേറ്റതായും വ്യക്‌തമായി.

ശ്രേയസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ്‌ ഒരാഴ്‌ച സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരും. ശ്രേയസിന്റെ മുംബൈയിലുള്ള മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കു പോകാന്‍ അടിയന്തിര വിസയ്‌ക്ക്‌ അപേക്ഷിച്ചിട്ടുണ്ട്‌.

നിലവിലെ അവസ്‌ഥ വച്ച്‌ താരത്തിന്‌ ഏറെനാള്‍ കളിക്കളത്തിനു പുറത്തിരിക്കേണ്ടിവരും. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഉപനായകനായിരുന്നു ശ്രേയസ്‌ അയ്യര്‍. ഇന്ത്യന്‍ ടീം 29 നു തുടങ്ങുന്ന ട്വന്റി20 പരമ്പരയ്‌ക്കായി കാന്‍ബറയിലേക്കു തിരിച്ചു.