സാമന്തയുടെ 14 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് ‘ഊ അന്തവാ’ എന്ന ഗാനം. അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ പുഷ്പ: ദി റൈസ് (2021) ന്റെ പ്രധാന ഹൈലൈറ്റ് ആയി മാറിയ നടിയുടെ ആദ്യ’ഐറ്റം നമ്പര്‍’ പ്രേക്ഷകരിലും വന്‍ ഇംപാക്ടാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പുഷ്പ 2 ലും ഒരു ഐറ്റം നമ്പര്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ സാമന്ത പിന്മാറിയതിനെ തുടര്‍ന്ന് ഇത് ചെയ്യാന്‍ ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ എത്തുമെന്നായിരുന്നു കേട്ടത്.
ഇത് ശ്രദ്ധയുടെ കരിയറിലെ ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്ന് ചില സിനിമാ നിരൂപകര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ അനുമാനങ്ങളും അവസാനിപ്പിക്കാം. കാരണം ശ്രദ്ധ ഈ പദ്ധതിയുടെ ഭാഗമല്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അല്ലു അര്‍ജുനൊപ്പം ഒരു പ്രത്യേക ഗാനത്തിനായി പുഷ്പ 2: ദി റൂള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ശ്രദ്ധയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചര്‍ച്ചകള്‍ വിജയിക്കാത്തതിനാല്‍ താരം ഓഫര്‍ നിരസിച്ചു.
ഈ പാട്ടുരംഗത്തിനായി 5 കോടി രൂപ പ്രതിഫലമായി ശ്രദ്ധ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇത് സാമന്ത ‘ഊ അന്റാവാ’ ഗാനത്തിന് വാങ്ങിയ പ്രതിഫലമാണ്. എന്നാല്‍ പുഷ്പ 2 ന്റെ നിര്‍മ്മാതാക്കള്‍ ശ്രദ്ധയുടെ അഭ്യര്‍ത്ഥന നിരസിച്ചതാണ് കരാര്‍ തകരാന്‍ ഇടയാക്കിയതെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അതേസമയം ഇനി അല്ലു അര്‍ജുനൊപ്പം ഐറ്റം നമ്പറിന് ആരുവരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിര്‍മ്മാതാക്കള്‍ സാമന്തയുടെ അടുത്തേക്ക് മടങ്ങിയിരിക്കുകയാണെന്നും കേള്‍ക്കുന്നു. തെലുങ്ക് ആക്ഷന്‍ ഡ്രാമയായ ഗുണ്ടൂര്‍ കാരത്തില്‍ മഹേഷ് ബാബുവിനൊപ്പം അവസാനമായി കണ്ട അതിസുന്ദരിയായ ശ്രീലീലയും സമാന്തയും പുഷ്പയില്‍ ചേരുന്നതായും കേള്‍ക്കുന്നുണ്ട്.