മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ പരീക്ഷാ ഹാളിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി. സ്വകാര്യ സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ടോയ്ലറ്റിലേക്ക് പോകുകയായിരുന്നു. പിന്നാലെ നവജാത ശിശുവിന്റെ കരച്ചിൽ കേട്ട് അധ്യാപകർ ഓടിയെത്തിയപ്പോഴാണ് പ്രസവവിവരം പുറത്തറിഞ്ഞത്.
ഉടൻ തന്നെ സ്കൂൾ അധികൃതർ ആംബുലൻസ് വിളിക്കുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. എട്ടു മാസവും രണ്ടാഴ്ചയും പ്രായമായ ഗർഭപിണ്ഡമായിരുന്നു ഇതെന്നും നിലവിൽ അമ്മയും രണ്ട് കിലോ ഭാരമുള്ള കുഞ്ഞും സുരക്ഷിതരാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. അകാല ജനനവും കുറഞ്ഞ ഭാരവും കണക്കിലെടുത്ത് വിദഗ്ധ നിരീക്ഷണം തുടരുകയാണ്.
തന്റെ അയൽപക്കത്തെ പട്ടണത്തിലുള്ള ഒരു യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും ഭീഷണി ഭയന്നാണ് ഗർഭവിവരം ആരോടും പറയാതിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. 2024-ലെ ഗർബ ആഘോഷങ്ങൾക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വിവാഹാഭ്യർത്ഥന നിരസിച്ച തന്നെ യുവാവ് വാടകമുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പീഡനവിവരം രഹസ്യമാക്കി വെച്ചു.
അതേസമയം, മകളുടെ ഗർഭത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ അവകാശവാദം. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ ശാരീരിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും അവർ പോലീസിനോട് പറഞ്ഞു. 18 വയസ്സ് തികയുമ്പോൾ വിവാഹം നടത്താനായി പെൺകുട്ടിയുടെ വിവാഹനിശ്ചയം നേരത്തെ ഉറപ്പിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




