Crime

ഭര്‍ത്താവിന്റെ ലൈവ് ലൊക്കേഷന്‍ കാമുകന് കൊടുത്തു; പിന്നാലെ കൊന്ന് തള്ളി; വധുവിന്റെ അമ്മയും പ്രതിയുടെ കാമുകി

രാജ്യത്ത് വീണ്ടും സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. തെലങ്കാനയിലെ ഗഡ്​വാളില്‍ നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്.

33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യയും കാമുകനും കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണ് പൊലീസ് കണ്ടെത്തല്‍. തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങിയതോടെ കല്യാണം മുടങ്ങി. ദിവസങ്ങള്‍ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തി. തന്റെ അമ്മ സുജാത വിവാഹത്തിന് പണം ക്രമീകരിക്കാൻ പാടുപെടുന്നതില്‍ വിഷമിച്ചാണ് താന്‍ വീടുവിട്ടതെന്നും ഇത്രയും കാലം താൻ ബന്ധുക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ഐശ്വര്യ തേജേശ്വറിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഐശ്വര്യയും തേജേശ്വറുമായുള്ള വിവാഹം മേയ് 18നു നടന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി മധുവിധുവിനിടയ്ക്കു തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. ചൊവ്വാഴ്ച കാറുമായി പുറത്തുപോയ തേജേശ്വറിനെ കാണാതായി. തേജേശ്വറിന്റെ സഹോദരൻ തേജ്വർദ്ധന്റെ പരാതിയിൽ ഗഡ്വാൾ ടൗൺ പോലീസ് കാണാതായതായി കേസ് രജിസ്റ്റർ ചെയ്തു. കുടുംബത്തിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീരിച്ചു നടന്ന തിരച്ചിലില്‍ ശനിയാഴ്ച തൊട്ടടുത്തുള്ള ജില്ലയായ നന്ദ്യാലിലെ ജലസേചന കനാലില്‍ നിന്നും തേജേശ്വറിന്റെ മൃതദേഹം കണ്ടെത്തി.

തുടര്‍ന്നു മൂന്നു വാടകകൊലയാളികള്‍ പിടിയിലായി. കര്‍ണൂലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ തിരുമല റാവുവാണു ക്വട്ടേഷന്‍‌ നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റാവു ഐശ്വര്യയുടെ കാമുകനാണന്നു സ്ഥിരീകരിച്ചത്. ഐശ്വര്യയെ കസ്റ്റഡിയിലെടുത്തു നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന്റെ ലൈവ് ലോക്കേഷന്‍ വാടകകൊലയാളികള്‍ക്ക് നല്‍കിയതായും കണ്ടെത്തി.