
പത്താന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാനും വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സിനിമയുടെ മുന്‍കൂര്‍ ബുക്കിംഗിന് വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകള്‍ ‘പഠാന്റെ’ ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമാണ്.
2ഡി, ഐമാക്‌സ് ഫോര്‍മാറ്റുകളിലായി ഹിന്ദി ഷോയ്ക്കായി 2.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു, തമിഴിലും തെലുങ്കിലും ഏകദേശം 4700 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സാക്‌നില്‍ക് പറയുന്നു. ‘ജവാന്‍’ ഇതുവരെ 271176 ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞുവെന്നും മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി രൂപ സിനിമ നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജവാന്റെ അഡ്വാന്‍സ് ബുക്കിംഗ് അസാധാരണമെന്നാണ് ജി7 മള്‍ട്ടിപ്ലക്‌സിന്റെയും മറാത്താ മന്ദിര്‍ സിനിമയുടേയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായി പറഞ്ഞു. പത്താനേയും ഗദാര്‍ 2 വിനേയും പോലെ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്നും ഈ ആഴ്ചാവസാനം വരെയുള്ള എല്ലാ ഷോകളും ഹൗസ്ഫുള്ളിന് അടുത്താണ് ബുക്കിംഗ് എന്നും പറഞ്ഞു.
സിനിമയുടെ മുംബൈ ബാന്ദ്രയിലെ ഗ്യാലക്‌സി തീയറ്ററില്‍ നടന്ന പുലര്‍ച്ചെ 6 മണിക്കുള്ള ഷോയ്ക്കും വലിയ ബുക്കിംഗ് ഉണ്ടായിരുന്നു. തീയറ്റര്‍ മുഴുവനും ആരാധകര്‍ ബുക്ക് ചെയ്തിരുന്നതായും മനോജ് ദേശായി പറയുന്നു.
ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷാരൂഖാനൊപ്പം നയന്‍താരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍.