Sports

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഷഫാലി വര്‍മ്മ ; ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ദ്ധശതകം കുറിച്ചു

മത്സരം മഴ കൊണ്ടുപോയെങ്കിലും ഇന്ത്യന്‍ വനിതാടീമിന് ഒരു മത്സരത്തിനപ്പുറത്ത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ആദ്യമായി ഒരു മെഡല്‍ കാത്തിരിക്കുകയാണ്. മഴ വഴിമുടക്കിയ ഇന്ത്യാ മലേഷ്യാ മത്സരം പക്ഷേ അവിസ്മരണീയമായ മത്സരമായി മാറിയത് വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്കാണ്.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അര്‍ദ്ധശതകം നേടുന്ന ഇന്ത്യാക്കാരിയായിട്ടാണ് ഷഫാലി റെക്കോഡ്ബുക്കില്‍ പ്രവേശിച്ചു. ഹാംഗ്ഷൂവില്‍ നടന്ന മത്സരത്തില്‍ 39 പന്തില്‍ ഷഫാലി 67 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ താരം ഫിഫ്റ്റിയില്‍ എത്തിയത്. മലേഷ്യയുടെ വിനിഫ്രഡ് ദുരൈസിംഗം എറിഞ്ഞ 11 ാം ഓവറിലെ രണ്ടാം പന്ത് സിക്‌സറടിച്ചായിരുന്നു നേട്ടം.

കളിയുടെ തുടക്കത്തില്‍ ടോസ്‌നേടിയ മലേഷ്യ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്മൃതി മന്ദന ഇന്ത്യയ്ക്ക് നല്ല തുടക്കവും നല്‍കി. 16 പന്തില്‍ 27 റണ്‍സ് എടുത്തു. ഷഫാലിയുടെ മികവില്‍ ഇന്ത്യ 15 ഓവറില്‍ 174 റണ്‍സ് ആണ് എതിരാളികള്‍ക്ക് മുന്നില്‍ വെച്ചത്.

മലേഷ്യയുടെ ബാറ്റിംഗില്‍ രണ്ടു പന്ത് എറിഞ്ഞപ്പോള്‍ തന്നെ മഴ കളി മുടക്കുകയും മത്സരം തന്നെ ഉപേക്ഷിക്കേണ്ടി വരികയുമായിരുന്നു. മികച്ച റാങ്കിംഗ് ഉള്ള ടീമെന്ന നിലയില്‍ ഇന്ത്യ സെമിയിലെത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇല്ലാതെയായിരുന്നു ഇന്ത്യ കളത്തിലെത്തിയത്.