Oddly News

പൊള്ളലേറ്റ് മരിച്ചത് ഭര്‍ത്താവല്ല, മറ്റൊരാള്‍ ; വിവരം വന്നത് ഭാര്യ ആത്മഹത്യ ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം

ഭുവനേശ്വര്‍: ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ അപകടത്തില്‍ പെട്ട് മരണമടഞ്ഞതെന്ന് കരുതുന്ന ഭര്‍ത്താവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതിന് പിന്നാലെയാണ് യുവതിയായ സൗമ്യശ്രീ ജന സ്വന്തം വീട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു.

ഒഡീഷയിലെ എയര്‍ കണ്ടീഷണര്‍ മെക്കാനിക്കായ ദിലീപ് സാമന്ത്രയ് മരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സൗമ്യശ്രീ മരണമടഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ സൗമ്യയുടേയും ദിലീപിന്റെയും ആദ്യ കുഞ്ഞായിരുന്നു ഇത്. എന്നാല്‍ സൗമ്യമരിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുള്ളതായി ആശുപത്രി സ്ഥിരീകരിച്ചു. മരണമടഞ്ഞത് ദിലീപ് സാമന്ത്രയ് അല്ലെന്നും മറ്റൊരാളായ ജ്യോതി രഞ്ജന്‍ മല്ലിക്കാണെന്നുമുള്ള വിവരം ഭുവനേശ്വറിലെ ഹൈടെക് മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും അധികൃതര്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് ദിലീപ് പൊള്ളലേറ്റ് മരിച്ചെന്ന വിവരം കിട്ടിയത്. വീട്ടുകാര്‍ പൊള്ളലേറ്റ് തിരിച്ചറിയാത്ത ഒരു മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. മകന്‍ ജീവിച്ചിരിപ്പുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സൗമ്യശ്രീ ജെനയെ സംബന്ധിച്ചിടത്തോളം ശുഭവാര്‍ത്ത ഏറെ വൈകിയാണ് എത്തിയതെന്നും ദിലീപ് സാമന്ത്രയുടെ അമ്മ അഹല്യ പറഞ്ഞു.

ഡിസംബര്‍ 31 നായിരുന്നു രഞ്ജന്‍മല്ലിക്ക് മരണപ്പെട്ട അപകടം ഉണ്ടായത്. ജനുവരി ഒന്നിനായിരുന്നു ആദ്യ കുഞ്ഞിനെ ഏഴുമാസം ഗര്‍ഭിണിയായിരുന്ന ദിലീപിന്റെ ഭാര്യ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് തൂങ്ങിമരിച്ചത്. ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ന് എന്റെ മരുമകള്‍ ജീവിച്ചിരുന്നേനെയെന്ന് അഹല്യ പറഞ്ഞു. അതേസമയം ദിലീപ് സാമന്ത്രയുടെ കുടുംബം സംസ്‌കരിച്ചതിനാല്‍ മകനെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെന്ന് ജ്യോതി രഞ്ജന്‍ മാലിക്കിന്റെ പിതാവ് പറഞ്ഞു.

”എന്ത് സംഭവിച്ചാലും ആശുപത്രി അധികൃതര്‍ ഉത്തരവാദികളാണ്. ഞാന്‍ അവരെ വെറുതെ വിടില്ല, ”അദ്ദേഹം പറഞ്ഞു. ഔട്ട്സോഴ്സ് ചെയ്ത ഏജന്‍സിയിലെ ജീവനക്കാര്‍ നല്‍കിയ വിവരമനുസരിച്ചാണ് തങ്ങള്‍ പോയതെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്മിത പാധി പറഞ്ഞു.