Oddly News

ബ്രസീല്‍ തീരത്ത് സ്രാവുകളില്‍ കൊക്കെയ്ന്‍ ; മത്സ്യം കഴിക്കരുതെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ്

ജലസ്രോതസ്സുകളിലെ മാലിന്യം നിമിത്തം ബ്രസീല്‍ തീരത്ത് സ്രാവുകളില്‍ കൊക്കെയ്ന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ചതും സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു പഠനത്തിലാണ് ഈ വിവരമുള്ളത്. പഠനത്തിന് വേണ്ടി പരിശോധന നടത്തിയ 13 സ്രാവുകളുടെയും പേശികളിലും കരളിലും കൊക്കെയ്ന്‍ സാന്നിദ്ധ്യം കണ്ടെത്തിയതായും ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തലെന്നും അവര്‍ പറഞ്ഞു.

മെന്‍ഡസ് സാഗിയോറോ എന്ന ശാസ്ത്രജ്ഞന്‍ റിയോ ഡി ജനീറോയിലെ നദീജലത്തില്‍ കൊക്കെയ്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്രാവുകളെ മയക്കുമരുന്ന് പരിശോധിക്കാനുള്ള ആശയം വന്നത്. ഏകദേശം 1.5 ദശലക്ഷം കൊക്കെയ്ന്‍ ഉപയോക്താക്കളുള്ള ബ്രസീലില്‍, മയക്കുമരുന്ന് അവശിഷ്ടങ്ങള്‍ അടങ്ങിയ സംസ്‌ക്കരിക്കാത്ത മലിനജലം ജലപാതകളില്‍ പ്രവേശിക്കുന്നത് പലപ്പോഴും കാണുന്നു. മയക്കുമരുന്ന് ഉപയോക്താക്കള്‍ ചിലപ്പോള്‍ കൊക്കെയ്ന്‍ കടലിലേക്ക് വലിച്ചെറിയുകയുന്നതും പതിവാണ്.

ബ്രസീലിയന്‍ ഷാര്‍പ്‌നോസ് സ്രാവുകളെയാണ് പരീക്ഷണത്തിന് എടുത്തത്. അവയുടെ ടിഷ്യൂവില്‍ ഒരു കിലോഗ്രാമിന് ശരാശരി 23 മൈക്രോഗ്രാം കൊക്കെയ്ന്‍ സാന്ദ്രത വെളിപ്പെടുത്തി. പെണ്‍വിഭാഗത്തിലുള്ളവയ്ക്ക് ആണ്‍ വിഭാഗത്തില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന സാന്ദ്രതയുണ്ടായിരുന്നു, പിടിക്കപ്പെട്ട പെണ്‍വിഭാഗത്തില്‍ പകുതിയും ഗര്‍ഭിണികളായിരുന്നു, ഇത് ഭ്രൂണങ്ങളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. മലിനീകരണത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ ദേശാടന മത്സ്യങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

അമിതമായ മത്സ്യബന്ധനവും മലിനീകരണവും കാരണം സ്രാവുകള്‍ കഴിക്കുന്നത് ഒഴിവാക്കാനും അനധികൃത മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സമുദ്രത്തിലേക്ക് വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കാനും പഠനം പറയുന്നു.