വാഷിങ്‌ടണ്‍: സാധാരണ ഗോതമ്പിന്റെ മൂന്നിരട്ടി ഉത്‌പാദനശേഷിയുള്ള ഗോതമ്പിനം കണ്ടെത്തി. സാധാരണ ഒരു ഗോതമ്പ് പൂവില്‍ ഒരു അണ്ഡകോശമേ ഉണ്ടാകൂ. മേരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ ഗോതമ്പിനത്തില്‍ ഒരു പൂവില്‍ മൂന്ന് അണ്ഡകോശങ്ങളാണുള്ളത്. ജനിതകമാറ്റമാണ് വ്യത്യാസത്തിനു കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്. ഓരോ അണ്ഡകോശത്തിനും ഒരു ഗോതമ്പ് കതിരായി വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഈ ജനിതക മാറ്റം അനുകൂലമാക്കി കൂടുതല്‍ ഗോതമ്പ് ഉത്‌പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. കണ്ടെത്തലുകള്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂവില്‍ മൂന്ന് അണ്ഡാകോശങ്ങള്‍ വളരുന്ന ഈ പ്രത്യേക ഗുണം, സാധാരണയായി കാണുന്ന ഗോതമ്പ് ഇനത്തിന്റെ സ്വമേധയായുണ്ടായ ഒരു രൂപഭേദത്തില്‍നിന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഈ പുതിയ ഗുണത്തിലേക്ക് നയിച്ച ജനിതകപരമായ മാറ്റം കണ്ടെത്തിയതാണു നേട്ടമായത്. ഗവേഷകര്‍ മൂന്ന് അണ്ഡാകോശങ്ങളുള്ള ഗോതമ്പിന്റെ ഡി.എന്‍.എയുടെ വളരെ വിശദമായ ചിത്രം തയാറാക്കുകയും സാധാരണ ഗോതമ്പുമായി താരതമ്യം ചെയ്യുകയും ചെയ്‌തു. സാധാരണയായി പ്രവര്‍ത്തനരഹിതമായ ഡബ്ല്യുയുഎസ്‌സിഎച്ച്‌ഇഎല്‍-ഡി (ഡബ്ല്യുയുഎസ്-ഡി1) എന്ന ജനിതകം, ഈ മൂന്ന് അണ്ഡകോശങ്ങളുള്ള ഗോതമ്പില്‍ ‘ഓണ്‍’ (പ്രവര്‍ത്തനക്ഷമമായി) ആയിരിക്കുന്നതായി അവര്‍ കണ്ടെത്തി.
പൂ വികാസത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഡബ്ല്യുയുഎസ്-ഡി1 സജീവമാകുമ്പോള്‍, അത് പൂക്കളുടെ നിര്‍മാണ കോശങ്ങളെ വലുതാക്കുകയും, പിസ്‌റ്റില്‍ അല്ലെങ്കില്‍ അണ്ഡകോശം പോലുള്ള അധിക സ്‌ത്രീലിംഗ ഭാഗങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ അവയെ സഹായിക്കുകയും ചെയ്യുന്നു. ഈ ജനിതക വിദ്യയെ നിയന്ത്രിക്കാനോ അനുകരിക്കാനോ കഴിയുമെങ്കില്‍, ഒരു ചെടിയില്‍നിന്ന് കൂടുതല്‍ ധാന്യങ്ങളുള്ള പുതിയ ഗോതമ്പ് ഇനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കും. ചെടിയിലെ ധാന്യങ്ങളുടെ എണ്ണത്തില്‍ ചെറിയ വര്‍ധന പോലും ആഗോള തലത്തില്‍ ഭക്ഷ്യ ലഭ്യതയില്‍ വലിയ വര്‍ധനയ്‌ക്കു കാരണമാകുമെന്നു അസോസിയേറ്റ് പ്രഫസറും പഠനത്തിന്റെ സഹ രചയിതാവുമായ വിജയ് തിവാരി പറഞ്ഞു. ജീന്‍ എഡിറ്റിങ് ഉപയോഗിച്ച് ഗോതമ്പ് വിള വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമത്തിലാണു ഗവേഷകര്‍.
ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ധാന്യഇനമാണു ഗോതമ്പ്. ലോകമെമ്പാടും ഗോതമ്പിനുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്‌ഥാ വ്യതിയാനം, പരിമിതമായ കൃഷിഭൂമി, ജനസംഖ്യാ വര്‍ധന എന്നിവ കാരണം പരമ്പരാഗത രീതികളിലൂടെ ഉത്‌പാദനം വര്‍ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ കണ്ടെത്തല്‍, കൂടുതല്‍ ഭൂമി, വെള്ളം, വളം എന്നിവ ആവശ്യമില്ലാതെ വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഡബ്ല്യുയുഎസ്-ഡി1 ന്റെ കണ്ടെത്തല്‍, മറ്റ് ധാന്യ വിളകളിലും സമാനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും.




