ഒരു മാസത്തിനുള്ളില്‍ യുഎസിലും കരീബിയനിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിന്റെ ഭാഗമാണ് ഋഷഭ്പന്തും സഞ്ജു സാംസണും. എന്നാല്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ എന്ന നിലയിലുള്ള അവരുടെ റോളുകള്‍ കണക്കിലെടുത്താല്‍ മൈതാനത്ത് രണ്ടുപേര്‍ക്കും ഒരുമിക്ക് കളിക്കാന്‍ ഒരു സാധ്യതയുമില്ല. ഐസിസി ഇവന്റില്‍ ഒരാളെ വിക്കറ്റ് കീപ്പറായും മറ്റേയാളെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായും കളിക്കാന്‍ ഇന്ത്യക്ക് മതിയായ ഇടമില്ലാത്തതിനാല്‍, രണ്ടുപേരില്‍ ആരാകും ടീമിലെത്തുക എന്ന കാര്യത്തിലാണ് മത്സരം.
മിക്കവാറും ഐപിഎല്ലിലെ പ്രകടനമാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. 26 കാരനായ പന്തിനാണ് ജൂണ്‍ 5 ന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ഓപ്പണിംഗ് ഗ്രൂപ്പ് ഗെയിമിന് അവസരം കിട്ടാന്‍ കൂടുതല്‍ സാധ്യതയെങ്കിലും ഇരുവരേയും താരതമ്യം ചെയ്താല്‍ പക്ഷേ സഞ്ജു അല്‍പ്പം കൂടി മുന്നില്‍ നില്‍ക്കുന്നു. വാഹനാപകടത്തിന് ശേഷം തിരിച്ചുവന്ന പന്ത് 12 മത്സരങ്ങളില്‍ നിന്ന് 413 റണ്‍സ് (ശരാശരി 41.3, സ്ട്രൈക്ക് റേറ്റ് 156.43) നേടി. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഈ സീസണില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനാണ് പന്ത്.
ബാറ്ററായും നായകനായും സഞ്ജുവിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണ് ഇത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നട്ടെല്ലാണ്. 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 471 റണ്‍സ് നേടിക്കഴിഞ്ഞു. 67.29 ശരാശരിയിലും 163.54 സ്ട്രൈക്ക് റേറ്റിലുമാണ് അദ്ദേഹം സ്‌കോര്‍ ചെയ്യുന്നത്. ചൊവ്വാഴ്ച ഡെല്‍ഹിക്കെതിരെ 46 പന്തില്‍ 86 റണ്‍സ് നേടിയ സഞ്ജുവിന് ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ഥിരതയോടെയുള്ളതാണ്. ശരാശരിയേക്കാള്‍ അതിവേഗ സ്‌കോറിംഗ് നിരക്കിനാണ് സഞ്ജു മുന്‍ഗണന നല്‍കുന്നത്.
എല്ലാത്തരം ബൗളിങ്ങുകള്‍ക്കെതിരെയും സഞ്ജു അനായാസം ബാറ്റ് ചെയ്യുന്നു. ഈ സീസണില്‍ അദ്ദേഹം പേസിനെതിരെ 175.7 ഉം സ്പിന്നിനെതിരെ 145.8 ഉം സ്ട്രൈക്ക് ചെയ്യുന്നു. ഇന്ത്യയുടെ പതിനൊന്നില്‍ ഇടം നേടാനുള്ള കാര്യത്തില്‍ സഞ്ജുവിന് തിരിച്ചടിയാകുന്ന ഘടകം അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓര്‍ഡറാണ്്. അദ്ദേഹത്തിന്റെ 158 ഐപിഎല്‍ ഇന്നിംഗ്സുകളില്‍ 88 എണ്ണവും മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ടീമിന്റെ ടോപ്പ്-ഓര്‍ഡര്‍ ഇതിനകം തന്നെ ഫില്‍ ആയിരിക്കുന്നതിനാല്‍ മിക്കവാറും അഞ്ചാം സ്ഥാനത്താകും താഴെ കളിക്കുക. അവിടെയാണ് പന്ത് സാധാരണയായി ബാറ്റ് ചെയ്യുന്നത്. പന്ത് ഇടംകൈയ്യന്‍ ബാറ്ററാണെന്നതും അനുകൂലമാണ്.