Featured Sports

അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, വാഷിങ്ടൻ സുന്ദർ വരണം: വിമര്‍ശിച്ച് ശ്രീകാന്ത്

മുംബൈ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ സഞ്ജു സാംസണെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ശ്രീകാന്തിന്റെ നിലപാട്.

സഞ്ജുവിന് ലഭിച്ച അവസരങ്ങളൊന്നും താരം ശരിയായി വിനിയോഗിച്ചിട്ടില്ലെന്നും അതിനാല്‍ ഫോമിലല്ലാത്ത സഞ്ജുവിനെ ടീമില്‍ കളിപ്പിക്കരുതെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തി വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നാണ് ശ്രീകാന്തിന്‍റെ വിലയിരുത്തല്‍. പാക്കിസ്ഥാനെതിരായ പ്രധാന മത്സരത്തിന് മുന്നോടിയായി വാഷിങ്ടണ്‍ സുന്ദറിനെ ഫോമിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഷേക് ശര്‍മ ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ റിങ്കു സിങ്ങിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറിനെ എട്ടാമനായി കളിപ്പിക്കണമെന്നും ശ്രീകാന്ത് നിര്‍ദ്ദേശിക്കുന്നുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് അഭിഷേക് ശര്‍മ ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചുവരുന്നത് ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. അഭിഷേക് കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന് ലഭിക്കുന്ന വലിയൊരു അവസരമാണ്. എന്നാല്‍ നമീബിയയ്ക്കെതിരായ ഇന്നത്തെ മത്സരത്തിലും തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സഞ്ജുവിന് ഇനിയൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഫോം കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലാണ് സഞ്ജു സാംസണ്‍. നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ബാറ്റിങ് കോച്ചിനൊപ്പം നെറ്റ്സില്‍ സഞ്ജു ദീര്‍ഘനേരം പരിശീലനം നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ വലിയ പോരാട്ടത്തിന് മുന്‍പുള്ള ഒരു സന്നാഹ മത്സരമായാണ് ഇന്ത്യ ഇന്നത്തെ നമീബിയക്കെതിരായ കളി കാണുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *