Healthy Food

ഉപ്പിട്ട കാപ്പിയാണ് ഇപ്പോള്‍ ട്രെന്റ്; ഇതിന് പിന്നിലെ കാരണമെന്ത്?

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വിയറ്റ്നാമിലെ ഉപ്പ് കാപ്പി. പേര് കേട്ട് മുഖം ചുളിക്കേണ്ട. ഉപ്പിട്ട ക്രീമിനോടൊപ്പം ചൂടോടെയോ തണുപ്പിച്ചോ വിളമ്പുന്ന സ്പെഷ്യല്‍ കോഫിയാണിത്. ഇത് ആദ്യമായി ഉണ്ടാക്കിയത് വിയറ്റ്നാമിലെ ചരിത്ര നഗരമായ ഹ്യുവിലെ ങ്ങുയന്‍ ലുവോങ്ങ് ബാംഗ് സ്ട്രിറ്റില്‍ ഒരു ചെറിയ കഫേയിലാണ്. ഹോ തി ഹുവോങ്ങ്, ട്രാന്‍ ങ്ങുയന്‍ എന്നിവരാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്.

ഈ സ്പെഷ്യല്‍ കാപ്പിയുടെ പേര് വിയറ്റ്നാമീസ് ഭാഷയില്‍ കാ ഫെ മുവോയ് എന്നാണ്. ‘കാ ഫെ’ എന്നാല്‍ കാപ്പി എന്നും ” മുവോയ് ” എന്നാല്‍ ഉപ്പെന്നുമാണ്. ആളുകളെ ആകര്‍ഷിക്കാന്‍ അവരില്‍ ആകാംക്ഷ ഉയര്‍ത്തുന്ന ഒരുപേര് എന്നേ ഇതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചുള്ളൂ. ഈ പാനീയം കുടിക്കാനായി ധാരാളം ആളുകള്‍ എത്തുകയും ഒടുവില്‍ അത് വന്‍ ഹിറ്റാവുകയും ചെയ്തു. അധികം വൈകാതെ വിയറ്റ്നാമിലെ മറ്റ് കഫേകളും ഇത് വിളമ്പാന്‍ തുടങ്ങി. വിയറ്റ്‌നാമിലെ പ്രശസ്തമായ സ്റ്റാർബക്‌സിന്റെ ഔട്ട്ലറ്റുകള്‍പോലും ഈ വർഷം കാ ഫെ മുവോയിയുടെ സ്വന്തം പതിപ്പ് പുറത്തിറക്കി.

വിയറ്റ്നാമീസ് കോഫിയും സ്വീറ്റെന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് അതിനുമുകളില്‍ സോള്‍ട്ടട് ക്രീമും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. കാപ്പിയുടെ കയ്പ്പു രുചിയും കണ്ടന്‍സ് മില്‍ക്കിലെ മധുരവും ഉപ്പു രുചിയും ചേരുമ്പോള്‍ സന്തുലിതമായ രുചി കിട്ടുന്നു.ഏതാണ്ട് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള കാപ്പി നിലവിലുണ്ട്. 2023ല്‍ പുറത്തിറക്കിയ ഗ്ലോബര്‍ റിസര്‍ച്ച് ഏജന്‍സിയായ മിന്റലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയ്ക്ക് പുറത്തുള്ള ആളുകള്‍ക്കിടയില്‍ ഇത്തരം വ്യത്യസ്ത കോഫികള്‍ വളരെയേറെ ജനപ്രിയമാണ്.