Featured Movie News

സംഗീത സംവിധായൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പി

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ  സംഗീതസംവിധായകനാണ് വിടപറഞ്ഞത് . അഞ്ഞൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി. 


എസ്.പി.വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു.

1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തില്‍. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുമ്പേ മലയാളവുമായി വെങ്കടേഷിന് അടുപ്പമുണ്ടായിരുന്നു. രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ടായിരുന്നു. പൈതൃകം എന്ന സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം അങ്ങനെ നിരവധി നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.