Good News

23-ാം വയസില്‍ ജോലിയില്‍നിന്ന് വിരമിച്ചു ; ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെന്‍ഷനര്‍

മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്.

റഷ്യയിലെ ഡൊനെറ്റ്സ്‌കില്‍ നിന്നുള്ള യുവാവ് പാവല്‍ സ്റ്റെചെങ്കോയുടെ കഥ അസാധാരണമായ ഒന്നാണ്. 16-ാം വയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തെ ഉത്സാഹപൂര്‍വമായ പഠനത്തിന് ശേഷം ആഭ്യന്തര കാര്യ സംവിധാനത്തിന്റെ പ്രദേശിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം മാത്രമേ അവിടെ ജോലി ചെയ്തിട്ടുള്ളൂ. പിന്നാലെ അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു. 2023 നവംബര്‍ 28-ന്, അന്നത്തെ റഷ്യന്‍ ഫെഡറേഷന്റെ നിയമങ്ങള്‍ക്കനുസൃതമായി, പവല്‍ സ്റ്റെപ്പ്ചെങ്കോ വിരമിക്കലിന് അപേക്ഷിക്കുകയും സേവന ദൈര്‍ഘ്യത്തിന് മുഴുവന്‍ പെന്‍ഷനും വാങ്ങുകയും ചെയ്തു.

ഈ അസാധാരണമായ റെക്കോര്‍ഡ് ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് രജിസ്ട്രേഷന്‍ ഏജന്‍സിയായ ഇന്റര്‍റെക്കോഡില്‍ നിന്നുള്ള വിദഗ്ധര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ റഷ്യയിലെ മികച്ച നേട്ടങ്ങളുടെ ദേശീയ രജിസ്ട്രര്‍ ആയ ‘ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഓഫ് റഷ്യ’ എന്നു കൂടി അറിയപ്പെടുന്ന റെക്കോര്‍ഡ്സ് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. പലര്‍ക്കും, സ്റ്റെപ്പ്ചെങ്കോയുടെ നേരത്തെയുള്ള വിരമിക്കലിനെ അംഗീകരിക്കാനായിട്ടില്ല. റഷ്യയില്‍ മിക്കവാറും ആളുകള്‍ നാല്‍പ്പതാം വയസ്സിലാണ് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ.