Featured Oddly News

പാകിസ്ഥാന്‍ തെരുവില്‍ റഷ്യൻ യുവാവിന്റെ ‘ജയ് ശ്രീറാം’ മന്ത്രോച്ചാരണം; അത്ഭുതപ്പെടുത്തി നാട്ടുകാരുടെ പ്രതികരണം- വീഡിയോ

തെരുവുകളിലൂടെ ‘ജയ് ശ്രീറാം’ എന്ന് ഉച്ചത്തിൽ വിളിച്ച് നടക്കുന്ന ഒരു റഷ്യൻ ഇൻഫ്ലുവൻസർ. അതും മുസ്ലീം രാജ്യമായ പാകിസ്ഥാൻ തെരുവുകളിലൂ​ടെ. സംഭവത്തിന്റെ വീഡിയോ വൈറലായി. ഓൺലൈനിൽ നിരവധി ആളുകളെ അത്ഭുതപ്പെടുത്തിയ വീഡിയോയിലുള്ളത് മാക്സിം ഷെർബക്കോവ് എന്ന വ്യക്തിയാണ്. തന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് ഈ കണ്ടന്റ് ക്രീയേറ്റര്‍.

പാകിസ്ഥാൻ യൂണിഫോമാണെന്ന് തോന്നുന്ന വേഷം ധരിച്ച് മാക്സിം ആത്മവിശ്വാസത്തോടെ “ജയ് ശ്രീറാം” എന്ന് വിളിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിന് ചുറ്റുമുള്ളവർ പാക്ക് പതാകകൾ വീശുകയും കൗതുകത്തോടെയും ചിരിയോടെയും അദ്ദേഹത്തോടൊപ്പം “ജയ് ശ്രീറാം” എന്ന് ഏറ്റുവിളിക്കുകയും ചെയ്യുന്നുണ്ട്. ഒരു മുസ്ലീം രാജ്യത്തില്‍, പ്രത്യേകിച്ചും ഇന്ത്യയുടെ ചിരവൈരികളായ പാക്കിസ്ഥാനില്‍ ഹൈന്ദവമായ “ജയ് ശ്രീറാം”വിളി ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സംഭവം മനോഹരമായ ഒരു സാംസ്കാരിക നിമിഷമായി രൂപാന്തരപ്പെട്ടു. നാട്ടുകാർ വിപരീതമായി പ്രതികരിക്കുന്നതിന് പകരം ഊഷ്മളതയോടും ചിരിയോടും കൂടിയാണ് പ്രതികരിച്ചത്. ആരും പ്രതീക്ഷിക്കാത്ത ഒരു സൗഹൃദ നിമിഷം. വീഡിയോ ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ആയിരക്കണക്കിന് കാഴ്ചക്കാരെ നേടുകയും ഇന്ത്യൻ, പാകിസ്ഥാൻ ഉപയോക്താക്കൾക്കിടയിൽ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. ചിലർ ഇതിനെ ഐക്യത്തിന്റെ മികച്ച ഉദാഹരണമായി വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ പരസ്പര ബഹുമാനം എങ്ങനെയാണ് മതത്തിനും ദേശീയതയ്ക്കും അതീതമായി ഉയർന്നുനിൽക്കുന്നതെന്ന് ഇത് കാണിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോക്ക് 906k കാഴ്ചകൾ ലഭിച്ചു.