Crime

ഉക്രെയിനുമേല്‍ റഷ്യ ഒഡാബ് – 9000 പ്രയോഗിച്ചു? മാരക സ്ഫോടനമുള്ള ‘ബോംബുകളുടെയും പിതാവ്’

യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും യുദ്ധങ്ങള്‍ ആശങ്കയുടേയും അസമാധാനത്തിന്റെയും മുള്‍മുനയില്‍ കൊണ്ട് നിര്‍ത്തിയിരിക്കെ ആണവായുധഭീതിയിലാണ് ലോകം. ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളില്‍ ഉക്രെയിന് മേല്‍ റഷ്യ ‘എല്ലാ ബോംബുകളുടെയും പിതാവ്’ എന്നറിയപ്പെടുന്ന ഒഡാബ് – 9000 (ODAB 9000 ) പരീക്ഷിച്ചതായി സംശയം.

ഉക്രേനിയന്‍ പട്ടണമായ വോവ്ചാന്‍സ്‌കില്‍ അടുത്തിടെ നടത്തിയ ആക്രമണത്തില്‍ ഉക്രെയ്നില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. ലോകത്തെ ഏറ്റവും ശക്തിയുള്ള ആണവേതര ആയുധമായി കണക്കാക്കുന്ന ഒഡാബ് – 9000 ഒരു ‘വാക്വം ബോംബ്’ ആണ്. 44,000 കിലോഗ്രാം ടിഎന്‍ടി അല്ലെങ്കില്‍ ട്രിനിട്രോടോലൂയിന് തുല്യമായ സ്ഫോടനാത്മക ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നാണ് കണക്കാക്കുന്നത്.
വായുവില്‍ നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിച്ച് സ്‌ഫോടനങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ കഴിയുന്ന ‘തെര്‍മോബാറിക്’ ആയുധങ്ങളുടെ വിഭാഗത്തിലാണ് ഇത് വരുന്നത്. ആഘാത പ്രദേശത്തെ ജീവജാലങ്ങളെ ശ്വാസം മുട്ടിക്കുകയും വലിയ ഭൂപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ പ്രാപ്തമായതുമായ ബോംബാണ് ഒഡാബ് – 9000. റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ ഒഡാബ് – 9000 ന്റെ ആദ്യ ഉപയോഗവും ഇതായിരിക്കും.

റഷ്യ യഥാര്‍ത്ഥത്തില്‍ ഒഡാബ്9000 ന്റെ സൂപ്പര്‍ബോംബാണോ അതോ അതിന്റെ മാരകമായ വൈവിധ്യമാണോ അതോ വ്യത്യസ്തമായ മറ്റെന്തെങ്കിലും ആണോ എന്ന ഊഹാപോഹം ഇന്റര്‍നെറ്റില്‍ പെരുകുകയാണ്. അതേസമയം ഖാര്‍കിവ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വോവ്ചാന്‍സ്‌കില്‍ ഉപയോഗിച്ചത്, ഒരു ചെറിയ ബോംബ്, ഒഡാബ് – 9000 ന്റെ ചെറുരൂപമായ ഒഡാബ്-1500 ആണെന്നും പറയുന്നുണ്ട്.